തിരുവനന്തപുരം: കോവിഡ് രോഗികളുടെ വിവര ശേഖരണത്തിനായി കേരള സർക്കാർ ചുമതലപ്പെടുത്തിയ അമേരിക്കൻ കമ്പനിയായ സ്പ്രിങ്കളറിനെതിരെ കൂടുതൽ ആരോപണം. സ്പ്രിങ്ക്‌ളറിന് ആഗോള മരുന്നു കമ്പനികളുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വന്‍കിട മരുന്നു കമ്പനിയായ ഫൈസറിനു വേണ്ടി സാമൂഹിക മാധ്യമ വിശകലനം ചെയ്യുന്നത് സ്പ്രിങ്ക്‌ളറാണ്. ഇക്കാര്യം ഫൈസറിന്റെ സാമൂഹിക മാധ്യമ മേധാവി സാറ ഹോളിഡേ ആണ് വ്യക്തമാക്കിയിരിക്കുന്നത്. ഫൈസറുമായി ബന്ധമുണ്ടെന്ന് സ്പ്രിങ്കളറിന്റെ സൈറ്റിലും വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തിലെ രോഗികളുടെ വിവരം മരുന്നു നിർമ്മാണ കമ്പനികൾക്കു ചോർത്താൻ സാധ്യതയുണ്ടെന്ന പ്രതിപക്ഷ ആറോപണം നിലനിൽക്കുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തലുണ്ടായിരിക്കുന്നത്.
ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള മരുന്ന് നിർമ്മാതാക്കളാണ് ഫൈസര്‍. നിലവിൽ കോവിഡ് പ്രതിരോധ മരുന്നിനു വേണ്ടിയുള്ള ഗവേഷണവും ഫൈസറിൽ ആരംഭിച്ചിട്ടുണ്ട്. രാജ്യാന്തര ലോബീയിങ് സംബന്ധിച്ച വിവാദങ്ങളിലും ഫൈസര്‍ നേരത്തെ കുപ്രസിദ്ധി നേടിയിട്ടുണ്ട്.