gnn24x7

ചരക്കു വാഹനങ്ങളില്‍ കയറ്റി ആളുകളെ സംസ്ഥാന അതിര്‍ത്തി കടത്തുന്നു; വ്യാപക അറസ്റ്റ്

0
304
gnn24x7

കിളിമാനൂര്‍: ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ചരക്കു വാഹനങ്ങളില്‍ കയറ്റി ആളുകളെ സംസ്ഥാന അതിര്‍ത്തി കടത്തുന്ന സംഭവങ്ങള്‍ ഏറുന്നു.

ഇത്തരത്തില്‍ അതിര്‍ത്തി കടക്കുവാന്‍ ശ്രമിച്ച യാത്രക്കാര്‍ കഴിഞ്ഞ ദിവസങ്ങളിലെല്ലാം പോലീസ് നടത്തിയ പരിശോധനയില്‍ അറസ്റ്റിലായി. സംസ്ഥാന പാതയില്‍ ജില്ലാ അതിര്‍ത്തിയായ തട്ടത്തുമല വാഴോട്ട് താല്‍ക്കാലിക ചെക്‌പോസ്റ്റില്‍ നടന്ന വാഹന പരിശോധനകളിലാണ് ഇന്നലെ മൂന്ന് യാത്രക്കാര്‍ അറസ്റ്റിലായത്.

ദമ്പതികളും ഡ്രൈവറുമടക്കം മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നാലാഞ്ചിറയിലെ ക്വാറന്റീന്‍ കേന്ദ്രത്തിലേക്ക് മാറ്റി.

തമിഴ്‌നാട് വില്ലിപുറം ജില്ല മാരിയപ്പന്‍കോവില്‍ സ്ട്രീറ്റ് സ്വദേശികളായ മുത്തുകൃഷ്ണന്‍(30), ഈശ്വരി(26), ഡ്രൈവര്‍ എസ്.വടിവേലു(29) എന്നിവരാണ് പിടിയിലായത്.

ഈശ്വരിയെ ഡ്രൈവര്‍ ലോറി ക്യാബിനുള്ളില്‍ പായയില്‍ പൊതിഞ്ഞാണ് കടത്താന്‍ ശ്രമിച്ചത്. പൊള്ളാച്ചിയില്‍ നിന്ന് സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ സാധനങ്ങള്‍ ഇറക്കിയ ശേഷം തമിഴ്‌നാട്ടിലേക്ക് മടങ്ങവേ തൃശൂരില്‍ നിന്നാണ് ദമ്പതികള്‍ ലോറിയില്‍ കയറിയത്. ലോറി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

ഇതിന് മുന്‍പുള്ള ദിവസങ്ങളില്‍ നടന്ന പരിശോധനയിലും തമിഴ്‌നാട് സ്വദേശികളായ ക്രിസ്തുദാസ്(54), ജസ്റ്റിന്‍(32), റാഫി(43) എന്നിവരെ അറസ്റ്റ് ചെയ്ത് ക്വാറന്റീന് അയച്ചിരുന്നു. പന്തളത്തു നിന്നു മാര്‍ത്താണ്ഡത്തിനു പോയ പിക്കപ് വാഹനത്തിലാണ് ഇവര്‍ സംസ്ഥാനം കടക്കുവാന്‍ ശ്രമിച്ചത്.

ഒരാഴ്ച മുന്‍പ് കര്‍ണാടകയില്‍ നിന്നും കാറില്‍ വരികയായിരുന്ന അച്ഛനേയും മകനേയും പിടികൂടി ക്വാറന്റീനില്‍ അയച്ചിരുന്നു.

രണ്ടാം ഘട്ട ലോക്ക് ഡൗണ്‍ ആരംഭിക്കുകയും ചിലപ്പോള്‍ ലോക്ക് ഡൗണ്‍ നീണ്ടേക്കാമെന്ന ആശങ്കയുമാണ് ചരക്കു വാഹനങ്ങളില്‍ കയറി സംസ്ഥാനം കടക്കുവാനുള്ള യാത്രക്കാരുടെ സാഹസത്തിന് കാരണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here