gnn24x7

കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തില്‍ പ്രശംസ

0
265
gnn24x7

കോഴിക്കോട്: കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിന് വീണ്ടും അന്താരാഷ്ട്രതലത്തില്‍ പ്രശംസ. അന്താരാഷ്ട്ര മാധ്യമമായ റഷ്യന്‍ ടെലിവിഷനിലാണ് കേരളത്തിന്റെ കൊവിഡ് പ്രതിരോധം ലോകത്തിന് മാതൃകയാകുന്നുവെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

‘മാതൃകാ സംസ്ഥാനം’ എന്നാണ് കേരളത്തെ ചാനല്‍ വിശേഷിപ്പിച്ചത്. കൊവിഡ് രോഗവ്യാപനത്തിന്റെ ചങ്ങല മുറിക്കാന്‍ കേരളം തുടക്കം മുതല്‍ കിണഞ്ഞുപരിശ്രമിച്ചെന്ന് അവതാരക പറയുന്നു. 3.5 കോടി ജനങ്ങളുള്ള കേരളത്തില്‍ അതില്‍ തന്നെ ഭൂരിഭാഗവും സ്ത്രീകളായിട്ടുള്ള നാട്ടിലെ കൊവിഡ് പ്രതിരോധം മാതൃകാപരമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് കൊണ്ട് എഴുത്തുകാരനും ചരിത്രകാരനുമായി വിജയ് പ്രസാദ് വിശദീകരിക്കുന്നു.

‘ജനസംഖ്യയുടെ പകുതിയില്‍ അധികം സ്ത്രീകള്‍ ഉള്ള നാടാണ് കേരളം. എടുത്തുപറയേണ്ടത് അതില്‍ നല്ലൊരു ശതമാനം സ്ത്രീകളും കുടുംബശ്രീ എന്ന കൂട്ടായ്മയുടെ ഭാഗമാണ്. വുഹാനില്‍ രോഗം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുതല്‍ സര്‍ക്കാരും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് തുടങ്ങി.’

ട്രേഡ് യൂണിയനുകളും സന്നദ്ധസംഘടനകളും വനിതാ കൂട്ടായ്മകളും ഒരുമിച്ച് രംഗത്തിറങ്ങി. ഫാന്റസിയായി രാഷ്ട്രീയത്തെ കാണുന്നവരല്ല, പകരം ശാസ്ത്രീയമായ രീതികള്‍ സ്വീകരിക്കുന്നവരാണ് കെ.കെ ശൈലജ അടക്കമുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ എന്നും വിജയ് പ്രസാദ് പറയുന്നു.

പൊതുജനങ്ങള്‍ക്ക് വൈറസിനെപ്പറ്റിയുള്ള അവബോധം ഉണ്ടാക്കിയെടുക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ വേഗത എടുത്ത് പറയേണ്ടതാണ്. അതുകൊണ്ടുതന്നെ രോഗം ബാധിച്ചവരും ജീവഹാനി ഉണ്ടായവരും വളരെ കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊവിഡ് പ്രതിരോധത്തില്‍ മെച്ചപ്പെട്ട സംവിധാനങ്ങളുള്ളതും പിന്നോക്കം നില്‍ക്കുന്നതുമായ സംസ്ഥാനങ്ങള്‍ ഇന്ത്യയിലുണ്ടെന്ന് ചാനല്‍ വിശദീകരിക്കുന്നു.

‘കേരളം ഒരു കമ്യൂണിസ്റ്റ് സര്‍ക്കാരാണ് ഭരിക്കുന്നത്. ജനങ്ങളുടെ ക്ഷേമമാണ് പ്രധാന ലക്ഷ്യം. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിന്റെയോ മറ്റ് സംസ്ഥാനങ്ങളുടെയോ രീതിയല്ല കേരളം ഇക്കാര്യത്തില്‍ സ്വീകരിക്കുന്നത്’, വിജയ് പ്രസാദ് പറയുന്നു.

ഒരാളും ഭക്ഷണമില്ലാതെ ബുദ്ധിമുട്ടരുത് എന്ന് നിര്‍ബന്ധമുള്ള സര്‍ക്കാരാണ് കേരളത്തിലുള്ളത്. ഇതിനായി വളരെ ലളിതമായ കാര്യമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്ലാ തദ്ദേശസ്ഥാപനങ്ങളും കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിച്ചു ആലോചിക്കുമ്പോള്‍ എളുപ്പമായിത്തോന്നാം. പക്ഷേ ലോകത്തൊരിടത്തും ഇങ്ങനെയൊരു ചിന്ത ഒരു ഭരണസംവിധാനത്തിനും തോന്നിയിട്ടില്ല എന്നത് എടുത്ത് പറയേണ്ടതാണെന്നും ചാനല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here