കൊല്‍ക്കത്ത: കൊവിഡ് ബാധിച്ച് ഒരു സി.ഐ.എസ്.എഫ് ജവാന്‍ കൂടി മരണപ്പെട്ടു. കൊല്‍ക്കത്തയിലെ ഇന്ത്യന്‍ മ്യൂസിയം സെക്യൂരിറ്റി യൂണിറ്റിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥനായ അസിത് കുമാര്‍ ഷാ(45) ആണ് മരിച്ചത്.
കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ സി.ഐ.എസ്.എഫ് ജവാനാണ് അസിത് കുമാര്‍. കൊല്‍ക്കത്ത മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇദ്ദേഹത്തിനൊപ്പം താമസിച്ച മറ്റൊരു സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്.
ഇദ്ദേഹത്തിന്റെ മരണത്തിന് പിന്നാലെ ഇന്ത്യന്‍ മ്യൂസിയം അടയ്ക്കുകയും ജീവനക്കാരോട് വീടുകളില്‍ നിരീക്ഷണത്തില്‍ ഇരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
ബുധനാഴ്ച കൊവിഡ് ബാധിച്ച് രണ്ട് ബി.എസ്.എഫ് ജവാന്മാര്‍ മരിച്ചിരുന്നു. ചൊവ്വാഴ്ച 45 ഐ.ടി.ബി.പി ജവാന്മാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ദല്‍ഹിയില്‍ കൂടുതല്‍ ജവാന്മാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ സൈന്യം മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.
നൂറിലധികം ജവാന്‍മാര്‍ ചാവ്‌ല ക്യാംപില്‍ കരുതല്‍ നിരീക്ഷണത്തിലുണ്ട്. ഇതോടൊപ്പം കരസേനാ ആശുപത്രിയിലെ 24 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മയൂര്‍ വിഹാറിലെ 137 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്കും രോഗം പിടിപെട്ടിട്ടുണ്ട്.









































