ദുബായ്: പ്രതിരോധ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെങ്കിലും യുഎഇയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുകയാണ്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 11 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ യുഎഇയിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 185 ആയി. ഒറ്റദിവസത്തിനിടെ 624 പേർക്ക് കൂടി രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിൽ വച്ചേറ്റവും ഉയർന്ന ഒറ്റദിവസ കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 17417 ആയി.
കഴിഞ്ഞ ദിവസം 458 പേരാണ് രോഗമുക്തി നേടിയത്. ഇതും ഒരു ദിവസത്തെ കണക്കുകളിൽ ഉയർന്നതാണ്. ഇതുവരെ 4295 പേരാണ് കോവിഡ് രോഗമുക്തി നേടിയത്. നിലവിൽ 12937 പേരാണ് ചികിത്സയിൽ കഴിയുന്നതെന്നാണ് യുഎഇ സർക്കാർ വക്താവ് ഡോ.ആമ്ന അൽ ഷംസി വാർത്താ സമ്മേളനത്തില്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെട്ട മരണങ്ങളിൽ ഭൂരിഭാഗവും പ്രവാസികളാണ്. കോവിഡ് ബാധിച്ച് ചികിത്സയിലിരുന്ന ഇവരിൽ പലരും നേരത്തെ തന്നെ പലവിധ അസുഖങ്ങളാൽ ബുദ്ധിമുട്ടിയിരുന്നവരാണെന്നും ഇതാണ് അവരുടെ ആരോഗ്യ നില വഷളാക്കിയതെന്നും സർക്കാർ വക്താവ് അറിയിച്ചു.
കോവിഡ് വ്യാപനത്തെ തുടർന്ന് പരിശോധന നടപടികൾ യുഎഇ കൂടുതൽ ഊർജിതമാക്കിയിരുന്നു. ആയിരക്കണക്കിന് ആളുകളെയാണ് ദിവസേന പരിശോധനയ്ക്ക് വിധേയരാക്കുന്നത്.




































