gnn24x7

കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക

0
260
gnn24x7

തിരുവനന്തപുരം: കേരളത്തില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസ പദ്ധതിയുമായി നോര്‍ക്ക. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാനും സ്ഥാപനങ്ങള്‍ തുടങ്ങാനും നോര്‍ക്ക റൂട്‌സ് വഴി 30 ലക്ഷം രൂപവരെ അടിയന്തര വായ്പ അനുവദിക്കാനാണ് തീരുമാനം.

കുറഞ്ഞത് രണ്ട് വര്‍ഷം വിദേശത്ത് ജോലി ചെയ്ത ശേഷം സ്ഥിരമായി നാട്ടിലേക്ക് വന്നവര്‍ക്കായാണ് പദ്ധതി. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്സ് (എന്‍ഡിപ്രേം) എന്ന പദ്ധതിയിലൂടെയാണ് സഹായം.

മൂലധന സബ്സിഡിയും പലിശ സബ്സിഡിയും നല്‍കി പരമാവധി 30 ലക്ഷം രൂപവരെയാണ് വിവിധ സുസ്ഥിര സംരംഭക മാതൃകകള്‍ക്ക് വായ്പയായി നല്‍കുക. ഫാം ടൂറിസം, സംയോജിത കൃഷി, ഭക്ഷ്യ സംസ്‌കരണം, ക്ഷീരോത്പാദനം, മത്സ്യകൃഷി, ആട്-കോഴി വളര്‍ത്തല്‍, പുഷ്പകൃഷി, പച്ചക്കറി കൃഷി, തേനീച്ച വളര്‍ത്തല്‍, റസ്റ്റോറന്റ്, ബേക്കറി ഉത്പന്നങ്ങള്‍, കംപ്യൂട്ടര്‍ ഉപകരണങ്ങള്‍, ഹോംസ്റ്റേ, റിപ്പയര്‍ ഷോപ്പുകള്‍, ഫര്‍ണിച്ചര്‍, തടിവ്യവസായം, സലൂണുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍, പേപ്പര്‍ റീസൈക്‌ളിങ്, പൊടിമില്ലുകള്‍, ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍, ടാക്‌സി സര്‍വീസ് എന്നീ സംരംഭങ്ങള്‍ തുടങ്ങാനാണ് വായ്പ അനുവദിക്കുക.

15 ബാങ്കുകളുടെ അയ്യായിരത്തിലധികം ശാഖകള്‍വഴിയാണ് വായ്പ അനുവദിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, യൂകോ ബാങ്ക് എന്നിവയുമായി സഹകരിച്ച് ജാമ്യമോ ഈടോ ഇല്ലാതെ 10 ലക്ഷം രൂപവരെ വായ്പ നല്‍കാനുള്ള സംവിധാനവും നിലവിലുണ്ട്.

അപേക്ഷിക്കാന്‍ www.norkaroots.org എന്ന വെബ്‌സൈറ്റിലൂടെ വായ്പയ്ക്ക് രജിസ്റ്റര്‍ ചെയ്യാം. പാസ്‌പോര്‍ട്ട്, പദ്ധതിയുടെ വിവരണം,
അപേക്ഷകന്റെ ഫോട്ടോ എന്നിവ അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. രണ്ടുവര്‍ഷം വിദേശവാസം തെളിയിക്കാനുള്ള പാസ്‌പോര്‍ട്ട്, റേഷന്‍, ആധാര്‍, പാന്‍ കാര്‍ഡുകള്‍, മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയും വേണം.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here