ന്യൂദൽഹി: കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ഇന്ത്യക്കാരെ തിരികെത്തിക്കേണ്ട ഉത്തരവാദിത്തം കുവൈത്ത് സർക്കാരിനെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. കൊവിഡ് 19 പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെക്കേ അമേരിക്കയിലുള്ളവരെ കൊണ്ടുവരുന്നതിന് മെക്സിക്കോയിൽ നിന്ന് വിമാന സർവ്വീസ് പരിഗണിക്കുന്നുണ്ടെന്നും വി.മുരളീധരൻ കൂട്ടിച്ചേർത്തു.
അമേരിക്കയിലെ കൂടുതൽ നഗരങ്ങളിൽ നിന്ന് വിമാന സർവ്വീസ് തുടങ്ങണമെന്ന ആവശ്യം മുന്നിലുണ്ട്. സൗദി അറേബ്യയിലെ അബ്ഹ അടക്കമുള്ള സ്ഥലങ്ങളിൽ നിന്ന് വിമാനസർവ്വീസുകൾ ആരംഭിക്കാൻ ആകുമോയെന്ന് പരിശോധിക്കേണ്ടത് എയർ ഇന്ത്യയാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തെക്കേ അമേരിക്കയിലും ആഫ്രിക്കയിലും കുടുങ്ങിപ്പോയ പ്രവാസികൾ തങ്ങളെ തിരികെയെത്തിക്കണമെന്ന ആവശ്യം ഉയർത്തി രംഗത്തെത്തിയിരുന്നു. ഇവരെ തിരികെയെത്തിക്കാനുള്ള ശ്രമം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചാർട്ടേർഡ് വിമാന സർവ്വീസുകൾക്ക് കേന്ദ്ര സർക്കാർ അനുകൂലമാണ്. ഗൾഫ് രാജ്യങ്ങളിൽ നിന്നും ഇതിനോടകം നാൽപതിനായിരം പേർ ചാർട്ടേർഡ് വിമാന സർവ്വീസുകൾ ഉപയോഗപ്പെട്ടുത്താൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും വി. മുരളീധരൻ കൂട്ടിച്ചേർത്തു.







































