ന്യൂഡൽഹി: ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 90,000 കടന്നു. 24 മണിക്കൂറിനിടയിൽ രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർധനവാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. 4,987 കേസാണ് ഇന്നലെ മാത്രം പുതുതായി റിപ്പോർട്ട് ചെയ്തത്.
91 449 പേർക്ക് രോഗം ബാധിച്ചതായാണ് ഒദ്യോഗിക കണക്ക്. ആരോഗ്യമന്ത്രാലയത്തിന്റ കണക്ക് പ്രകാരം 2896 പേർ രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചു.
മഹാരാഷ്ട്ര, ഗുജറാത്ത്, തമിഴ്നാട്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് ഏറ്റവും രൂക്ഷമായത്. മഹാരാഷ്ട്രയിൽ ഇതുവരെ 30,706 കേസുകൾ റിപ്പോർട്ട് ചെയ്തെന്നാണ് ഔദ്യോഗിക കണക്കുകൾ. ഇന്നലെ മാത്രം 2347 പേർക്കാണ് മഹാരാഷ്ട്രയിൽ വൈറസ് ബാധിച്ചത്. തമിഴ്നാട്ടിൽ 639 പേർക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ കോവിഡ് ബാധിതരുടെ എണ്ണം 11,224 ആയി
രാജ്യത്തെ കൊറോണ കേസിന്റെ 80 ശതമാനവും മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവിടങ്ങളിലെ നഗരങ്ങളിലാണ്. നാലാംഘട്ട ലോക്ക്ഡൗണിൽ ഏറ്റവും കൂടുതൽ നിയന്ത്രണങ്ങളും ഇവിടങ്ങളിലായിരിക്കും.
അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം കടന്നു. മരിച്ചവരുടെ എണ്ണം മൂന്ന് ലക്ഷത്തി പതിനാറായിരം കടന്നു. ഏറ്റവുമധികമാളുകൾക്ക് രോഗബാധ അമേരിക്കയിലാണ്. 24 മണിക്കൂറിൽ രോഗം ബാധിച്ചവരുടെ എണ്ണം 18,000ത്തിന് മുകളിലാണ്. കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം പതിനഞ്ചര ലക്ഷത്തിലേക്ക് അടുക്കുന്നു.24 മണിക്കൂറിനുള്ളിൽ 820 പേരാണ് അമേരിക്കയിൽ മരിച്ചത്. സ്പെയിനെ മറികടന്ന് കൂടുതൽ കോവിഡ് ബാധിതരുള്ള രണ്ടാമത്തെ രാജ്യമായി റഷ്യ മാറി. റഷ്യയിൽ 2.81 ലക്ഷവും സ്പെയിനിൽ 2.77 ലക്ഷവുമാണ് കോവിഡ് ബാധിതർ.
മരണ സംഖ്യയിൽ ബ്രിട്ടൻ ആണ് അമേരിക്കക്ക് പിന്നിൽ. മുപ്പത്തിനാലായിരത്തി അഞ്ഞൂറിൽ ഏറെയാളുകളാണ് ബ്രിട്ടനിൽ മരിച്ചത്. ലാറ്റിനമേരിക്കൻ രാജ്യമായ ബ്രസീലിലും രോഗികളുടെ എണ്ണവും മരണവും ഉയരുകയാണ്. മരണനിരക്ക് കുറഞ്ഞതിനാൽ സ്പെയിനും ഇറ്റലിയും ലോക് ഡൗണിൽ ഇളവ് വരുത്താൻ തീരുമാനിച്ചു.









































