വൈക്കം: വൈക്കത്ത് വീശിയടിച്ച ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. വൈക്കം മഹാദേവ ക്ഷേത്രത്തിനു സാരമായ കേടുപാടുകളുണ്ടായി. ക്ഷേത്രത്തിന്റെ വലിയകവലയിലുള്ള അലങ്കാര ഗോപുരത്തിന്റെ ഭാഗം തകര്‍ന്നുവീണു. ക്ഷേത്രത്തിന്റെ ഊട്ടുപുര, ദേവസ്വം ഓഫീസ്, ആനപ്പന്തല്‍, കമ്മിറ്റി ഓഫീസ് എന്നിവ തകർന്നു.
അൻപതിലേറെ വീടുകളും നൂറുകണക്കിന് വൈദ്യുതി പോസ്റ്റുകളും തകർന്നു. വൈക്കം ടൗണ്‍, ചെമ്മനാകരി, ഇത്തിപ്പുഴ, ടി.വി.പുരം, കൊതവറ എന്നിവിടങ്ങളിലാണ് നാശം ഏറെയും സംഭവിച്ചത്. വൈക്കത്തും സമീപ പ്രദേശത്തുമായി നൂറിലധികം മരങ്ങളാണ് കടപുഴകി വീണത്. വൈക്കത്തെ ഗതാഗതം തടസ്സപ്പെട്ട നിലയിലാണ്.
വൈദ്യുതിപോസ്റ്റുകളും ട്രാന്‍സ്‌ഫോറര്‍മറുകളും തകര്‍ന്നതോടെ വൈക്കം ഇരുട്ടിലായി. താറുമാറായ വൈദ്യുതി സംവിധാനങ്ങൾ പുനസ്ഥാപിക്കാൻ ചുരുങ്ങിയത് മൂന്നുദിവസമെങ്കിലും വേണം. മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ജീവനക്കാരെ വിന്യസിച്ചാണ് ഇപ്പോൾ ജോലികൾ പുരോഗമിക്കുന്നത്.