കോതമംഗലം: പെരിയാറില്‍ ജലനിരപ്പ് നിയന്ത്രിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി ഭൂതത്താന്‍കെട്ട് ഡാമിന്റെ ഏതാനും ഷട്ടറുകള്‍ നേരിയതോതില്‍ ഉയര്‍ത്തി. ശക്തമായ മഴയില്‍ പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് നാശനഷ്ടങ്ങളുണ്ടാകുന്നത് തടയാനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായാണു നടപടി.
പെരിയാര്‍വാലി കനാലുകളില്‍ വെള്ളം കുറച്ചിട്ടുണ്ട്. മറ്റ് പുഴകളിലെ ചെക്ക് ഡാമുകള്‍ തുറക്കാനും സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. കോതമംഗലം കുരൂര്‍തോട്ടിലുള്‍പ്പെടെ വിവിധ ചെക്ക്ഡാമുകള്‍ തുറന്നു കഴിഞ്ഞു. ഇടയ്ക്കിടെ മഴപെയ്യുന്നുണ്ടെങ്കിലും പുഴകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നിട്ടില്ല. ഏതാനും ദിവസംകൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്.
കാലവര്‍ഷം തുടങ്ങുന്നതിന് മുന്പുതന്നെ ഭൂതത്താന്‍കെട്ട് ഡാം പൂര്‍ണമായി തുറക്കാന്‍ പെരിയാര്‍വാലിക്ക് നിര്‍ദേശം ലഭിച്ചിട്ടുണ്ട്. ഇതുപ്രകാരം 25നു ഡാം തുറക്കാനാണ് തീരുമാനം. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ 25ന് മുന്‌പേ ഡാം തുറക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.