ന്യൂഡൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. വേൾഡോമീറ്ററിന‍്റെ കണക്കു പ്രകാരം 3,156 മരണങ്ങളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പിടിഐ റിപ്പോർട്ട് പ്രകാരം കോവിഡ് ബാധിതർ 1,00,096 ആയി. പുതുതായി കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നതിനാൽ രോഗികളുടെ എണ്ണത്തിൽ ഇനിയും വർധനവുണ്ടാകും.
മഹാരാഷ്ട്ര, ഡൽഹി, ഗുജറാത്ത്, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. മഹാരാഷ്ട്രയിൽ 33053 രോഗബാധിതരായെന്നാണ് ഔദ്യോഗിക കണക്കുകൾ. 1,249 പേരാണ് മഹാരാഷ്ട്രയിൽ മരണപ്പെട്ടത്.
തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 11, 760 ആയി. മരണം 81. ഗുജറാത്തിൽ രോഗബാധിതർ 11,746 ആയി. തമിഴ്നാട്ടിനേക്കാൾ കൂടുതൽ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നതും ഗുജറാത്തിലാണ്. 694 പേരാണ് ഗുജറാത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഡൽഹിയിലും രോഗബാധിതരുടെ എണ്ണം പതിനായിരം കടന്നു. 160 പേർ ഇതുവരെ രോഗം ബാധിച്ചു മരിച്ചു.
അതേസമയം, രോഗം ഭേദമായവരുടെ എണ്ണം 39,000 മുകളിലാണ് എന്നും ആശ്വാസകരമാണ്.
ലോക്ക്ഡൗൺ നാലാംഘട്ടത്തിൽ വിവിധ സംസ്ഥാനങ്ങൾ കൂടുതൽ ഇളവുകൾ നൽകുന്നതിനിടയിലാണ് രോഗബാധിതരുടെ എണ്ണവും വർധിച്ചുകൊണ്ടിരിക്കുന്നത്.
ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുപ്രകാരം, കോവിഡ് ബാധിതരുടെ എണ്ണം 96,169 ആണ്. മരണസംഖ്യ 3,029 ഉം. പുതുക്കിയ പട്ടിക അൽപ്പം കഴിഞ്ഞ് പുറത്തുവിടും.അതേസമയം, ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷത്തിലേക്ക് അടുക്കുകയാണ്. മൂന്ന് ലക്ഷത്തി ഇരുപതിനായിരത്തിന് അടുത്താണ് മരണം.