gnn24x7

ജൂൺ ഒന്നിന്‌ കേരള ബാങ്കിന്‌ എറണാകുളത്ത്‌ കോർപറേറ്റ്‌ ഓഫീസും 7 മേഖലാ ഓഫീസുകളും നിലവിൽ വരും

0
290
gnn24x7

തിരുവനന്തപുരം :  കേരള ബാങ്കിന്റെ ഘടനയായി. ഏഴ്‌ മേഖലാ ഓഫീസുകളും കൊച്ചിയിൽ കോർപറേറ്റ്‌ ബിസിനസ്‌ ഓഫീസും ജൂൺ ഒന്നിന്‌ നിലവിൽവരും. തസ്തികകളും ജീവനക്കാരുടെ വിന്യാസവുമുൾപ്പെടെ ഉൾപ്പെടുത്തി ഇടക്കാല ഭരണസമിതി സമർപ്പിച്ച കരട്‌ നിർദേശത്തിന്‌ സർക്കാർ അംഗീകാരം നൽകി.

ഡയറക്ടർ ബോർഡിനു കീഴിൽ മാനേജിങ്‌ ഡയറക്ടർ/ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസർ തസ്തികയും തൊട്ടുതാഴെ ചീഫ്‌ ജനറൽ മാനേജരുമുണ്ട്‌. തിരുവനന്തപുരത്തെ ആസ്ഥാനഓഫീസിൽ വിവിധ വിഭാഗങ്ങളിലായി ആറ്‌ ജനറൽ മാനേജർമാരുണ്ടാകും. ഇതിനുപുറമേ മേഖലാ ഓഫീസുകളിലും കോർപറേറ്റ്‌ ഓഫീസിലും ജനറൽ മാനേജർമാരാണ്‌ തലപ്പത്ത്‌.രണ്ട്‌ ജില്ലകൾക്കായാണ്‌ ഒരു മേഖലാ ഓഫീസ്‌ പ്രവർത്തിക്കുക. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂർ എന്നിവിടങ്ങളിലാണിവ.മേഖലാ ഓഫീസ്‌ ഇല്ലാത്ത ജില്ലകളിൽ ജില്ലാ ഓഫീസുമുണ്ടാകും. ഓരോ ഓഫീസിലും ആവശ്യമായ തസ്തികകൾ, വകുപ്പുകൾ,  ഉദ്യോഗസ്ഥരുടെ  ചുമതലകൾ എന്നിവയെല്ലാം തീരുമാനമായി‌.

നവംബർ 29നാണ്‌ ബാങ്ക്‌ നിലവിൽവന്നത്‌. അന്നുമുതൽ ഇടക്കാല ഭരണസമിതിയാണ്‌ പ്രവർത്തിക്കുന്നത്‌. ബാങ്കിന്റെ ഘടനയും ജീവനക്കാരുടെ വിന്യാസവും സംബന്ധിച്ച നിർദേശം സമർപ്പിച്ചതും ഈ സമിതിയാണ്‌. സംസ്ഥാന സഹകരണ ബാങ്കിന്റെ കെട്ടിടത്തിൽ ആസ്ഥാന ഓഫീസ്‌ പ്രവർത്തിച്ചു തുടങ്ങി. സോഫ്‌റ്റ്‌വെയർ ഏകീകരണത്തിനുള്ള നടപടി പുരോഗമിക്കുകയാണ്‌. ഇതുകൂടി സജ്ജമാകുന്നതോടെ മറ്റ്‌ പൊതുമേഖലാ ബാങ്കുകളുടേതുപോലെ ഏത്‌ ബ്രാഞ്ചിൽനിന്നും ഇടപാടുകാർക്ക്‌ സേവനങ്ങൾ ലഭ്യമാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here