കൊല്ലം: രണ്ടു തവണ പാമ്പ് കടിയേറ്റ് അഞ്ചല്‍ സ്വദേശി ഉത്ര മരിച്ച സംഭവത്തില്‍ കുറ്റം സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. യുവതിയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നുവെന്ന് സൂരജ് പൊലീസിനോട് സമ്മതിച്ചു.
കല്ലുവാതുക്കലില്‍ നിന്ന് പണം കൊടുത്താണ് പാമ്പിനെ വാങ്ങിയതെന്നും സൂരജ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചു. സാമ്പത്തിക ഇടപാടുകളുള്‍പ്പെടെയുള്ള വിഷയങ്ങളാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് വ്യക്തമാക്കിയത്.
ഉത്രയ്ക്ക് പാമ്പുകടിയേറ്റ ദിവസം ബാങ്ക് ലോക്കറില്‍ നിന്ന് ഉത്രയുടെ 92 പവന്‍ സ്വര്‍ണം എടുത്തുവെന്നും സൂരജ് പറഞ്ഞു. സൂരജിന് പുറമെ പാമ്പ് പിടുത്തക്കാരനെയും ബന്ധുവിനെയും കസ്റ്റഡിയിലെടുത്തിയിട്ടുണ്ട്.
സൂരജിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. സൂരജിനെയും സുഹൃത്തിനെയും ജില്ലാ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത് വരികയായിരുന്നു. ഡി.വൈ.എസ്.പി അശോക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്തത്.
ഉത്രയെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്ന് ഉത്രയുടെ അച്ഛന്‍ പറഞ്ഞിരുന്നു. ഭര്‍ത്താവിന്റെ വീട്ടിലെ ബുദ്ധിമുട്ടുകള്‍ മകള്‍ പറഞ്ഞിരുന്നെന്നും എല്ലാ സംശയങ്ങളും അന്വേഷണസംഘത്തോട് പറഞ്ഞിട്ടുണ്ടെന്നും ഉത്രയുടെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞിരുന്നു.