ദോഹ: വന്ദേ ഭാരത് മിഷൻ ഖത്തർ മൂന്നാം ഘട്ടത്തിൽ കേരളത്തിലേക്ക് അഞ്ച് വിമാന സർവീസുകൾ നടത്തും. എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കിയ യാത്രാ ഷെഡ്യൂൾ പ്രകാരം മെയ് 29 മുതൽ കേരളത്തിലേക്ക് സർവീസ് തുടങ്ങും. ഷെഡ്യൂൾ പ്രകാരം മെയ് 29, ജൂൺ 4 തീയതികളിൽ കണ്ണൂർ, മെയ് 30, ജൂൺ 2 തീയതികളിൽ കൊച്ചി, ജൂൺ 3 ന് തിരുവനന്തപുരം എന്നിങ്ങനെയാണ് സർവീസ് നടത്തുന്നത്.
അതേസമയം മൂന്നാം ഘട്ടത്തിലെ യാത്ര ഷെഡ്യൂൾ സംബന്ധിച്ച് ഖത്തറിലെ ഇന്ത്യൻ എംബസി ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല.
നാട്ടിലേക്ക് മടങ്ങാനായി ഇനിയും റജിസ്റ്റർ ചെയ്യാത്തവർ ഉടൻ റജിസ്റ്റർ ചെയ്യാൻ കഴിഞ്ഞ ദിവസം ഇന്ത്യൻ എംബസി ട്വിറ്ററിൽ ആവശ്യപ്പെട്ടിരുന്നു. നാട്ടിലേക്ക് മടങ്ങുന്ന കാര്യം ഉറപ്പാക്കാത്തവർ റജിസ്റ്റർ ചെയ്യരുതെന്നും എംബസി നിർദേശിച്ചിട്ടുണ്ട്. റെജിസ്ട്രേഷൻ പൂർത്തിയാക്കിയവർ മാത്രം നാട്ടിലേക്ക് മടങ്ങേണ്ടതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കി കൊണ്ടു എംബസ്സിയുടെ ഇ മെയിലിലേക്ക് സന്ദേശം അയച്ചാൽ മതിയെന്നും അധികൃതർ വ്യക്തമാക്കി. ഉടൻ തന്നെ റെജിസ്ട്രേഷൻ നടപടികൾ അവസാനിപ്പിക്കുമെന്ന് എംബസി നേരത്തെ അറിയിച്ചിരുന്നു.









































