ചൈനയിലെ വന്മതിൽ താണ്ടി ലോകമെമ്പാടും പടർന്നു പന്തലിക്കുന്ന കോറോണ വൈറസ് മഹാമാരി കാരണം യുഎസിലെ വാഹന പ്രദർശനമായ ന്യുയോർക്ക് ഓട്ടോ ഷോ റദ്ദാക്കുകയാണ്. ഈ വിവരം സംഘാടകരായ ഗ്രേറ്റർ ന്യുയോർക്ക് ഓട്ടോമൊബൈൽ ഡീലേഴ്സ് അസോസിയേഷനാണ് അറിയിച്ചത്.
ആദ്യം ഈ ഷോ ആഗസ്റ്റിലേക്ക് മാറ്റാനാണ് ആലോചിച്ചിരുന്നതെങ്കിലും മഹാമാരി അമേരിക്കയെ വിടാതെ പിന്തുടരുന്നതിനാൽ വാഹന പ്രദർശനവേദിയായ ജാവിറ്റസ് കൺവെൻഷൻ സെന്റർ താൽക്കാലികമായി ആശുപതിയാക്കേണ്ടിവന്ന സഹചര്യത്തിലാണ് ഇപ്പോൾ ഷോ റദ്ദാക്കിയത്.
ഏപ്രിൽ ആദ്യമാണ് സാധാരണയായി ഓട്ടോ ഷോ സംഘടിപ്പിക്കുന്നത്. ഇപ്പോൾ ഷോ റദ്ദാക്കിയ സാഹചര്യത്തിൽ 2021 ഏപ്രിൽ 2 മുതൽ 11 വരെയാകും അടുത്ത ന്യുയോർക്ക് ഓട്ടോ ഷോയെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ന്യുയോർക്ക് ഓട്ടോ ഷോയ്ക്ക് 120 വർഷത്തെ പ്രൌഡ പാരമ്പര്യമാണ് ഉള്ളത്.
കൊറോണ മഹാമാരിയെ തുടർന്ന് പല വാഹന പ്രദർശങ്ങളും റദ്ദാക്കിയിരിക്കുകയാണ്. അതേസമയം 2020 ലെ ബെയ്ജിംഗ് ഓട്ടോ ഷോ സെപ്തംബറിലേക്ക് മാറ്റിവച്ചിരിക്കുകയാണ്. ടൊയോട്ട മോട്ടോർ കോർപറേഷനെ പോലുള്ള വൻകിട നിർമ്മാതാക്കൾ പതിവ് രീതിയിൽ നിന്നു വ്യത്യസ്തമായി ഡിജിറ്റൽ രീതിയിലാണ് ഇപ്പോൾ പുത്തൻ മോഡലുകളുടെ അവതരണങ്ങൾ നടത്തുന്നത്.





































