കൊച്ചി: വിവാദമായ പ്രളയ ദുരിതാശ്വാസ തട്ടിപ്പിൽ നഷ്ടമായത് 1,00,86,600 രൂപയെന്ന് കണ്ടെത്തൽ. ഇതിൽ 27 ലക്ഷം രൂപ മാത്രമാണ് പ്രതികൾ വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ കടത്തിയത്. ബാക്കി തുക കളക്ട്രേറ്റിലെ സെക്ഷനിൽ നിന്നും നേരിട്ട് പണമായി തട്ടിയെടുക്കുകയായിരുന്നു. കളക്ടറേറ്റ് ജീവനക്കാരനും ഒന്നാം പ്രതിയുമായ വിഷ്ണു പ്രസാദിൻ്റെ നേതൃത്വത്തിൽ തന്നെയായിരുന്നു ഈ തുകയും കടത്തിയത് .
പ്രളയ തട്ടിപ്പ് വിവാദത്തിന്റെ മുഖ്യ സൂത്രധാരൻ കളക്ട്രേറ്റ് ജീവനക്കാരനായ വിഷ്ണപ്രസാദ് ആണെങ്കിലും തൃക്കാക്കരയിലെ പ്രാദേശിക സി പി എം നേതാക്കൾ കേസിൽ പ്രതികളാണ്. സിപിഎം തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായിരുന്ന അൻവർ, ഭാര്യ ഖൌറത്ത്, എൻഎൻ നിതിൻ, നിതിന്‍റെ ഭാര്യ ഷിന്‍റു എന്നിവർ കേസിൽ പ്രധാന പ്രതികളാണ്. ഇവരെ പിന്നീട് സിപിഎമ്മിൽനിന്ന് പുറത്താക്കി. പാർട്ടി നിയന്ത്രിക്കുന്ന അയ്യനാട് സഹകരണ ബാങ്കിലെ ഡയറക്ടർ ബോർഡംഗം വരെ കേസിലെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. അറസ്റ്റിലായ ആർക്കും ഇതുവരെ ജാമ്യവും ലഭിച്ചിട്ടില്ല.
കേരള ഫിനാൻഷ്യൽ കോഡിലെയും കേരള ട്രഷറി കോഡിലെയും വ്യവസ്ഥകളൊന്നും കളക്ടറേറ്റ് ദുരിതാശ്വാസ ഫണ്ട് കൈകാര്യം ചെയ്തപ്പോൾ പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി.
മാസ്റ്റർ ഡേറ്റ രജിസ്റ്റർ, അലോട്ട്മെൻറ് രജിസ്റ്റർ, ചെക്ക് ബുക്ക് സ്റ്റോക്ക് രജിസ്റ്റർ, ക്യാഷ് രജിസ്റ്റർ,  സെക്യൂരിറ്റി രജിസ്റ്റർ, ചെക്ക് ഇഷ്യു രജിസ്റ്റർ  ഇവയൊന്നും ഒന്നും കളക്ടറേറ്റിലെ ദുരിതാശ്വാസ വിഭാഗത്തിൽ അന്വേഷണ സംഘത്തിന് കണ്ടെത്താനായില്ല.  
ദുരിതാശ്വാസ നിധിയിലേക്കു സംഭാവനയായി ലഭിച്ച തുകയും മറ്റു വിവരങ്ങളും രേഖപ്പെടുത്തിയ ഫയലുകളും അപ്രത്യക്ഷമായിട്ടുണ്ട്. നേരിട്ടു സ്വീകരിച്ച പല തുകയും മേലുദ്യോഗസ്ഥർ അറിഞ്ഞിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഇവയ്ക്ക് വ്യാജ രസീതാണ് നല്കിയത്.  
കേസുമായി ബന്ധപ്പെട്ട് കളക്ട്രേറ്റിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് മൊഴിയെടുക്കേണ്ടി വരും. വിശദീകരണം ചോദിച്ച് ജില്ലാ കളക്ടർ തന്നെ 11 ഉദ്യോഗസ്ഥർക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ വിശദീകരണം കൂടി ലഭിച്ച ശേഷമാകും തുടർ നടപടികൾ.
 
                






