gnn24x7

പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി

0
277
gnn24x7

ന്യൂദല്‍ഹി: പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മോസ്‌കോയിലേക്ക് തിരിച്ച എയര്‍ ഇന്ത്യ വിമാനം ദല്‍ഹിയില്‍ തിരിച്ചിറക്കി.

വിമാനം യാത്ര തിരിക്കുന്നതിന് മുന്‍പ് നടത്തിയ പരിശോധനയില്‍ പൈലറ്റിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ശ്രദ്ധയില്‍പ്പെടാത്തതിനെ തുടര്‍ന്ന് വിമാനത്തിന് യാത്രാനുമതി നല്‍കുകയായിരുന്നു.

ഇന്ന് രാവിലെയായിരുന്നു വിമാനം ദല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ A-320 Neo (VT-EXR) വിമാനം പറന്നുയര്‍ന്നത്. മോസ്‌കോയിലുള്ള ഇന്ത്യക്കാരെ കൊണ്ടുവരാനായി പോയ വിമാനമായിരുന്നു ഇത്.

എന്നാല്‍ പൈലറ്റിന് കൊവിഡ് പോസിറ്റീവാണെന്ന് പരിശോധനയില്‍ മനസിലായതോടെ ഉസ്‌ബെക്കിസ്ഥാനിലെത്തിയ വിമാനം ദല്‍ഹിയിലേക്ക് തിരിച്ച് വിളിക്കുകയായിരുന്നു.

കാബിന്‍ ക്രൂവിന്റെ കൊവിഡ് പരിശോധന നടത്തിയെങ്കിലും പൈലറ്റിന് കൊവിഡ് പോസിറ്റീവാണെന്ന കാര്യം ശ്രദ്ധയില്‍പ്പെടാതിരിക്കുകയായിരുന്നു.

12.30 ന് ദല്‍ഹിയില്‍ തിരിച്ചിറങ്ങിയ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാരെയെല്ലാം ഇതോടെ ക്വാറിന്റീനിലാക്കി. ഇതിന് പിന്നാലെ എയര്‍ ഇന്ത്യ മറ്റൊരു വിമാനം മോസ്‌ക്കോയിലേക്ക് അയച്ചു.

ഓരോ ദിവസവും നിരവധി കൊവിഡ് പരിശോധനാ ഫലങ്ങളാണ് പരിശോധിക്കുന്നതെന്നും 300 ഓളം ക്രൂ മെമ്പേഴ്‌സിന്റെ പരിശോധനകള്‍ ദിവസവും ദല്‍ഹിയില്‍ മാത്രം നടത്താറുണ്ടെന്നും അധികൃതര്‍ പറഞ്ഞു. പരിശോധനാ ഫലമെല്ലാം എക്‌സല്‍ ഷീറ്റിലാണ് ലഭിക്കാറ്. ഫലം പരിശോധിച്ച ആളില്‍ നിന്നും വന്ന പിഴവാണ് ഇതെന്നും അധികൃതര്‍ പറഞ്ഞു.

വിമാനം പറന്നുയര്‍ന്ന ശേഷം പരിശോധനാ ഫലം രണ്ടാമത് പരിശോധിച്ച ആളാണ് പൈലറ്റിന്റെ ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആണെന്ന് മനസിലാക്കിയത്. അപ്പോഴേക്കും വിമാനം പുറപ്പെട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞിരുന്നു. ഉടന്‍ തന്നെ വിമാനത്തെ ദല്‍ഹിയിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു, അധികൃതര്‍ പറഞ്ഞു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here