ജൂണ്‍ അവസാനത്തോടെ നടക്കേണ്ടിയിരുന്ന ജി-7 ഉച്ചകോടി മാറ്റിവെച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇന്ത്യ, ഓസ്‌ട്രേലിയ, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ക്ഷണിതാക്കളുടെ പട്ടിക വിപുലീകരിക്കാന്‍ പദ്ധതിയിടുന്നതായും ട്രംപ് വ്യക്തമാക്കി.
യുഎസ്, ഇറ്റലി, ജപ്പാന്‍,കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, യു.കെ,യൂറോപ്യന്‍ യൂണിയന്‍ എന്നി രാജ്യങ്ങളാണ് നിലവില്‍ ജി7 അംഗങ്ങളായി ഉള്ളത്. നിലവിലെ ഫോര്‍മാറ്റിലുള്ള ജി-7 കാലഹരണപ്പെട്ട രാജ്യങ്ങളുടെ ഒരു കൂട്ടമാണെന്ന് ട്രംപ് പറഞ്ഞു.
‘ജി-7 എന്ന നിലയില്‍ ഇത് ലോകത്ത് നടക്കുന്ന കാര്യങ്ങളെ ശരിയായി പ്രതിനിധീകരിക്കുന്നുവെന്ന് എനിക്ക് തോന്നാത്തതിനാല്‍ ഞാനിത് മാറ്റിവെയ്ക്കുന്നു’ എന്നാണ് ട്രംപ് പറഞ്ഞത്. അതേസമയം ഉച്ചകോടിയില്‍ പങ്കെടുക്കാനുള്ള ട്രംപിന്റെ ക്ഷണം താന്‍ നിരസിച്ചതായി ജര്‍മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍ അറിയിച്ചിരുന്നു.