ന്യൂഡൽഹി: കാൻസർ ചികിത്സയ്ക്കായി ഡൽഹിയിലെത്തിയ മുൻ ബോക്സിങ് താരം ഡിങ്കോ സിങ്ങിന് കോവിഡ് 19. കരളിനെ ബാധിച്ച അർബുദ ചികിത്സയ്ക്കായാണ് ഡിങ്കോ സിങ് ഡൽഹിയിലെത്തിയത്.
ഡൽഹിയിൽ നിന്ന് മടങ്ങിയെത്തി ഇംഫാലിലെ ആശുപത്രിയിൽ ചികിൽസ തേടുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്. ലോക്ക്ഡൗൺ കാരണം ഡിങ്കോ സിങ്ങിന്റെ അർബുദ ചികിത്സ പ്രതിസന്ധിയിലായിരുന്നു. ഇതിനെ തുടർന്ന് കേന്ദ്ര കായിക മന്ത്രി കിരൺ റിജ്ജുവിന്റെ അടിയന്തര ഇടപെടലിനെ തുടർന്നാണ് ഡൽഹിയിൽ ചികിത്സാ സഹായം ഒരുക്കിയത്. എന്നാൽ മഞ്ഞപ്പിത്തത്തെ തുടർന്ന് റേഡിഷേയൻ പൂർത്തിയാക്കാൻ സാധിച്ചിരുന്നില്ല.
ഡൽഹിയിൽ നിന്ന് തിരിച്ചെത്തി ഒരാഴ്ച്ചയ്ക്ക് ശേഷമാണ് കോവിഡ് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഡൽഹിയിൽ നിന്ന് ഇംഫാലിലേക്ക് മടങ്ങുന്നതിന് മുമ്പ് നടത്തിയ പരിശോധനാ ഫലം നെഗറ്റീവായിരുന്നു.
ഡൽഹിയിൽ ഡിങ്കോ സിങ്ങിനെ ചികിത്സിച്ച നഴ്സിനും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തെ നാട്ടിലേക്ക് ആംബുലൻസ് വഴിയാണ് എത്തിച്ചത്. ആംബുലൻസിൽ നിന്നാകാം വൈറസ് ബാധയേറ്റതെന്നാണ് നിഗമനം.
1998 ലെ ഏഷ്യൻ ഗെയിംസ് ഗോൾഡ് മെഡൽ ജേതാവാണ് ഡിങ്കോ സിങ്. 41 കാരനായ ഡിങ്കോ സിങ്ങനെ രാജ്യം അർജുന, പദ്മശ്രീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.
                









































