കൊച്ചി: മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ ആലുവ മണപ്പുറം പാലം നിര്‍മ്മാണത്തില്‍ അഴിമതി ആരോപിച്ചുള്ള കേസ് തുടരേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പാലം നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് തുടരേണ്ടെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചത്.
ആലുവ ശിവരാത്രി മണപ്പുറം പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് ഉൾപ്പടെയുള്ളവര്‍ക്കെതിരെയുള്ള പ്രോസിക്യൂഷന്‍ നടപടി വൈകുന്നുവെന്ന് ആരോപിച്ചുള്ള ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനിയിലുള്ളത്. എന്നാല്‍ പാലം നിര്‍മ്മാണത്തില്‍ മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഉള്‍പ്പടെയുള്ളവര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ കണ്ടെത്തല്‍. ഇക്കാര്യം വിജിലന്‍സ് വാക്കാല്‍ കോടതിയെ അറിയിച്ചു.
ഇബ്രാഹിം കുഞ്ഞ്, ആലുവ എം.എല്‍.എ അന്‍വര്‍ സാദത്ത് എന്നിവരടക്കമുള്ളവര്‍ക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം വിജിലന്‍സ് കോടതിയില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്ന് ഇവര്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് സര്‍ക്കാറിന്റെ അനുമതി തേടി. 2018 സെപ്തംബര്‍ 24 ന് അപേക്ഷ നല്‍കിയെങ്കിലും ഇതുവരെ നടപടിയുണ്ടായില്ലെന്ന് ചൂണ്ടിക്കാട്ടി ആലുവ സ്വദേശി ഖാലിദ് മുണ്ടപ്പള്ളിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
2014-15ല്‍ നടപ്പാലം നിര്‍മ്മിക്കാന്‍ നിയമങ്ങളും മാനദണ്ഡങ്ങളും അവഗണിച്ച് പ്രവൃത്തി പരിചയമില്ലാത്ത കമ്പനിക്ക് 4.2 കോടി രൂപ അധികമായി നല്‍കിയെന്നാണ് ഹരജിക്കാരെന്റ ആരോപണം. സ്വകാര്യ കമ്പനിക്ക് എസ്റ്റിമേറ്റില്‍ നിന്ന് വ്യതിചലിച്ച് 41.97 ശതമാനം തുകയാണ് അധികമായി നല്‍കിയതെന്നും പരാതിയില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ പ്രാഥമിക അന്വോഷണത്തില്‍ അഴിമതി കണ്ടെത്താനായില്ലെന്നും അതിനാല്‍ കേസ് തുടരേണ്ടതില്ലെന്നും പൊതുമരാമത്ത് വകുപ്പ് വിജിലന്‍സിനെ അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി വിജിലന്‍സിന് നിര്‍ദേശം നല്‍കി.