gnn24x7

അഞ്ജുവിന്റെ ഹാൾടിക്കറ്റിന് പിന്നിൽ പാഠഭാഗം, കോപ്പിയടിക്ക് തെളിവുകളുമായി കോളേജ് അധികൃതർ

0
254
gnn24x7

പരീക്ഷയെഴുതാൻ പോയി കാണാതായി മീനച്ചിലാറ്റിൽ നിന്നും മരിച്ചനിലയിൽ കണ്ടെത്തിയ അഞ്ചു പി ഷാജി കോപ്പിയടിക്കാൻ ശ്രമിച്ചെന്ന് കോളേജ് അധികൃതർ. അഞ്ജുവിന്റെ ഹാൾ ടിക്കറ്റിന് പുറക് വശത്ത് പാഠഭാഗങ്ങൾ എഴുതിയിരുന്നു. അഞ്ജുവിൻ്റെ ഹാൾ ടിക്കറ്റ് അധികൃതർ മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.

വളരെ ചെറിയ അക്ഷരങ്ങളിൽ നീല മഷി പേന വച്ച് എഴുതിയാണ് കുട്ടി കോപ്പി കൊണ്ടുവന്നത്. ഇത് സിസി ടിവിയിലും വ്യക്തമാണെന്ന് അധികൃതർ പറഞ്ഞു.

പ്രിൻസിപ്പലിനെ കാണാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും അഞ്ജു കണ്ടില്ല. വിദ്യാർഥിനി മൂന്നു പേജാണ് പരീക്ഷ എഴുതിയത്. കുട്ടിയോട് കയർത്തു സംസാരിച്ചെന്ന ആരോപണം ശരിയല്ല. പൊലീസിനു രേഖകൾ കൈമാറിയെന്നും ബിവിഎം കോളജ് അധികൃതർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അഞ്ജു പി. ഷാജിയെ തിങ്കളാഴ്ചയാണ് മീനച്ചിലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അഞ്ജുവിൻ്റെ ബാഗും കുടയും ചേര്‍പ്പുങ്കല്‍ പാലത്തില്‍ കണ്ടതിനെത്തുടര്‍ന്നാണ് അഗ്‌നിരക്ഷാ സേനയും മുങ്ങല്‍ വിദഗ്ധരും കഴിഞ്ഞദിവസം മുതല്‍ മീനച്ചിലാറ്റില്‍ തിരച്ചില്‍ നടത്തിയത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റര്‍ അകലെ മീനച്ചിലാറ്റില്‍നിന്ന് മൃതദേഹം കണ്ടെത്തിയത്.

തൻ്റെ മകൾ കോപ്പിയടിക്കില്ലെന്നും അവൾ നന്നായി പഠിക്കുന്ന കുട്ടിയാണെന്നും പിതാവ് പറഞ്ഞിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കോളേജ് പ്രിൻസിപ്പലിന് സംഭവത്തിലുള്ള പങ്ക് കണ്ടെത്തണമെന്നും കുടുംബം ആരോപിച്ചതിന് തൊട്ടു പിന്നാലെയാണ് കോളേജ് അധികൃതരുടെ വെളിപ്പെടുത്തൽ.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here