കൊവിഡ് മഹാമാരിക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് യു.എന്നിന്റെ അംഗീകാരം. കൊവിഡ് മാഹാമാരിക്കെതിരെ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച പൊതു പ്രവര്‍ത്തകരെ ആദരിക്കുന്ന യു.എന്നിന്റെ പരിപാടിയിലേക്കാണ് ആരോഗ്യമന്ത്രിക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 5 പേരെയാണ് ഇതിലേക്ക് ക്ഷണിച്ചിരിക്കുന്നത്. കൊറിയയിലെ ആഭ്യന്തര-സുരക്ഷ ഡെപ്യൂട്ടി മിനിസ്റ്റര്‍ ഇന്‍ ജീ ലീ, ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യൂമൊ, ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് ജിം കാംപ്‌ബെല്‍ എന്നിവരുള്‍പ്പെടെ നാലു പേരാണ് കെ.കെ ശൈലജക്കൊപ്പം വെബിനാറില്‍ പങ്കെടുക്കുന്നത്.
ലോകാരോഗ്യ സംഘടന ഡയരക്ടര്‍ ജനറല്‍, യു.എന്‍ സെക്രട്ടറി ജനറല്‍ തുടങ്ങിയവരും വെബിനാറില്‍ പങ്കെടുക്കും. കൊവിഡ് പ്രതിസന്ധിയെ നേരിടാന്‍ സ്വീകരിച്ച മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യും. യു.എന്‍ സാമ്പത്തിക-സാമൂഹ്യകാര്യ വിഭാഗമാണ് പരിപാടി സംഘടിപ്പിക്കുന്നത്.