gnn24x7

താജ്മഹല്‍ കാണാനെത്തുന്ന വിദേശികളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കുന്നുണ്ട്; യു.എസും ആ രീതി പിന്തുടരണം; യു.എസ് സെനറ്റര്‍

0
235
gnn24x7

വാഷിങ്ടണ്‍: അമേരിക്കയിലെ ദേശീയോദ്യാനങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്ന വിദേശികളില്‍ നിന്നും ഫീസ് ഇനത്തില്‍ കൂടുതല്‍ പണം ഈടാക്കണമെന്ന നിര്‍ദേശവുമായി യു.എസ് സെനറ്റര്‍.

യു.എസ്. ഡോളര്‍ 16 നും 25 നും ഇടയിലുള്ള തുക ഈടാക്കണമെന്നാണ് ഇദ്ദേഹം ആവശ്യപ്പെട്ടത്. ഇന്ത്യയിലെ താജ്മഹല്‍ ഉള്‍പ്പെടെയുള്ള ഇടങ്ങള്‍ സന്ദര്‍ശിക്കുന്ന വിദേശകളില്‍ നിന്നും, ഇന്ത്യന്‍ പൗരന്മാരില്‍ നിന്നും ഈടാക്കുന്നതിനേക്കാള്‍ കൂടുതല്‍ തുക ഫീസിനത്തില്‍ വാങ്ങുന്നുണ്ടെന്നും ആ രീതി തന്നെ യു.എസും പിന്തുടരണമെന്നുമാണ് സെനറ്റര്‍ ആവശ്യപ്പെട്ടത്.

ഗ്രേറ്റ് അമേരിക്കന്‍ ഒട്ട് ഡോര്‍ ആക്റ്റിന് ഭേദഗതി നിര്‍ദേശിച്ച് സെനറ്റര്‍ മൈക്ക് എന്‍സിയാണ് ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചത്. യു.എസിലെ മികച്ച സ്മാരകങ്ങളും ദേശീയ ഉദ്യാനങ്ങളും പരിപാലിക്കുന്നതിനും നവീകരിക്കുന്നതിനും ആവശ്യമായ ഫണ്ട് സൃഷ്ടിക്കേണ്ടതുണ്ടെന്നും അതിനായി ഇത്തരമൊരു നടപടി സ്വീകരിക്കണമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

നിലവില്‍ ദേശീയോദ്യാനങ്ങളുടെ നവീകരണത്തിനായി 12 ബില്യണ്‍ യു.എസ് ഡോളര്‍ ആവശ്യമായി വരുമെന്ന് നാഷണല്‍പാര്‍ക്ക് സര്‍വീസ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ദേശീയോദ്യാനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി. 4.1 ബില്യണായിരുന്നു നീക്കിവെച്ചത്. എന്നാല്‍ ഇത്തരമൊരു ഭേദഗതി കൂടി വരുത്തുന്നത് സാമ്പത്തികമായി അതിനെ സഹായിക്കുമെന്നുമാണ് സെനറ്ററുടെ അഭിപ്രായം.

വിദേശ സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് കാണുന്നത്. യു.എസ് ട്രാവല്‍ അസോസിയേഷന്റെ കണക്കുപ്രകാരം വിദേശത്ത് നിന്നും യു.എസിലെത്തുന്ന 40 ശതമാനം പേരും ദേശീയ ഉദ്യോനങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. എന്നുവെച്ചാല്‍ 14 മില്യണ്‍ ആളുകളെങ്കിലും വന്നുപോകുന്നുണ്ട്. നമ്മുടെ ദേശീയോദ്യാനങ്ങള്‍ക്ക് വിദേശികള്‍ ഇത്രയേറെ വിലകല്‍പ്പിക്കുന്നതില്‍ സന്തോഷമുണ്ട്. അതുകൊണ്ട് തന്നെ ഇത് ഇതേ രീതിയില്‍ പരിപാലിച്ച് കൊണ്ടുപോകുന്നതിനുള്ള സഹായവും അവരില്‍ നിന്നും തന്നെ ഈടാക്കണം.

യു.എസില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ എത്തുന്ന വിദേശികള്‍ ആ രാജ്യത്തെ പൗരന്‍മാര്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ പണം നല്‍കിയാണ് ഇത്തരം സ്ഥലങ്ങളൊക്കെ സന്ദര്‍ശിക്കുന്നത്. പ്രധാനമായും ഇന്ത്യയുടെ കാര്യമെടുക്കാം. താജ്മഹല്‍ കാണാന്‍ എത്തുന്ന വിദേശികളില്‍ നിന്നും 18 യു.എസ് ഡോളറാണ് (1363 രൂപ) അവര്‍ ഈടാക്കുന്നത്. എന്നാല്‍ അവിടെയുള്ളവര്‍ വെറും 56 സെന്റ്‌സ്( 36 രൂപ) നല്‍കിയാല്‍ മതി.

അതുപോലെ തന്നെ സൗത്ത് ആഫ്രിക്കയിലെ ക്രുഗര്‍ നാഷണല്‍ പാര്‍ക്കില്‍ എത്തുന്ന അമേരിക്കക്കാരില്‍ നിന്നും 25 യു.എസ് ഡോളറാണ് ഈടാക്കുന്നത്. ആഫ്രിക്കന്‍ പൗരന്മാര്‍ നല്‍കേണ്ടത് വെറും 6.25 യു.എസ് ഡോളറാണ്, എന്‍സി പറഞ്ഞു.

സ്‌പെയിന്‍, ഫ്രാന്‍സ്, ഇറ്റലി അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍ ഹോട്ടല്‍ മുറിക്ക് വരെ ടൂറിസ്റ്റ് ടാക്‌സ് ഈടാക്കുന്നുണ്ട്. ടൂറിസം രംഗത്തെ അടിസ്ഥാന വികസനത്തിന് വേണ്ടിയാണ് ഈ തുക അവര്‍ ഉപയോഗിക്കുന്നതെന്നും സെനറ്റര്‍ പറഞ്ഞു.

ഭാവിതലമുറകള്‍ വേണ്ടി ഇവയെല്ലാം നമ്മള്‍ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഇതിന്റെ പരിപാലനം വളരെ പ്രധാനപ്പെട്ടതാണ്. ഒന്നുകില്‍ പണം കടമെടുത്ത് ഇത് ചെയ്യുക. അല്ലെങ്കില്‍ പ്രായോഗികമായ രീതിയില്‍ ഇതിനെ സമീപിക്കുക. ഇതാണ് ചെയ്യാന്‍ കഴിയുക. അദ്ദേഹം പറഞ്ഞു.


gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here