gnn24x7

ബഹിരാകാശ രംഗത്ത് സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത് ഐ എസ് ആര്‍ ഒ

0
224
gnn24x7

ബഹിരാകാശ രംഗത്ത്  സ്വകാര്യ മേഖലയ്ക്കു പങ്കാളിത്തം അനുവദിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്ത്  ഐ എസ് ആര്‍ ഒ. വിക്ഷേപണ വാഹന നിര്‍മ്മാണവും ഉപഗ്രഹ നിര്‍മ്മാണവും അടക്കമുള്ള മേഖലകളിലേക്ക് സര്‍ക്കാരിതര സ്ഥാപനങ്ങള്‍ക്ക് കടന്നു വരാമെന്ന് ഇസ്രൊ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അറിയിച്ചു.

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ നിര്‍ണ്ണായക മാറ്റത്തിനാണ് അരങ്ങൊരുങ്ങുന്നത്. തുറന്നതും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതുമായ ബഹിരാകാശ മേഖല പുത്തന്‍ ഉണര്‍വുണ്ടാക്കുമെന്നും കൂടതല്‍ ജോലികള്‍ സൃഷ്ടിക്കുമെന്നും പറഞ്ഞ കെ ശിവന്‍ ഇതോടെ ഇന്ത്യ ആഗോള ബഹിരാകാശ വ്യവസായത്തില്‍ പ്രധാനിയായി മാറുമെന്ന് കൂട്ടിച്ചേര്‍ത്തു. ഇന്നലെ കേന്ദ്ര മന്ത്രി സഭ അംഗീകാരം നല്‍കിയ ഇന്‍ സ്പേസ് എന്ന പുതിയ ഉന്നതാധികാര സമിതിയായിരുക്കും സ്വകാര്യ മേഖലയുടെ ഇടപെടലുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങളും മാര്‍ഗ നിദ്ദേശങ്ങളും തയ്യാറാക്കുക.

ഇസ്രൊക്കാവശ്യമായ ചില നിര്‍മ്മാണ പ്രവര്‍ത്തികള്‍ സ്വകാര്യമേഖലയില്‍ നടക്കുന്നുണ്ട്. മറ്റ് ഗ്രഹങ്ങലേക്കുള്ള ദൗത്യങ്ങളിലും സ്വകാര്യമേഖലയ്ക്ക് പങ്കാളികളാകാം. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അത്മനിര്‍ഭര്‍ ഭാരത് പ്രഖ്യാപനങ്ങളില്‍ ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഹിരാകാശ മേഖല സ്വകാര്യ മേഖലയ്ക്കായി തുറന്നു കൊടുക്കുന്ന പ്രഖ്യാപനം നടത്തിയിരുന്നു. ബുധനാഴ്ച്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗമാണ് ഇതിന്റെ അനുബന്ധമായി ‘ഇന്‍-സ്‌പേസ് ‘രൂപീകരണത്തിന് അംഗീകാരം നല്‍കിയത്.

നമ്മള്‍ മികച്ച ബഹിരാകാശ ആസ്തികള്‍ നിര്‍മ്മിച്ചിട്ടുണ്ടെന്നും അവ എല്ലാവര്‍ക്കും ഉപയോഗിക്കുന്നതിനുള്ള വഴിയാണ് ഇന്‍-സ്‌പേസ് പോലുള്ളവയെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു. ഐ എസ് ആര്‍ ഒയ്ക്ക് ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളിലും പുതിയ സാങ്കേതിക വിദ്യകളിലും ബഹിരാകാശ പര്യവേഷണ ദൗത്യങ്ങളിലും മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ദൗത്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുമെന്ന് മന്ത്രിസഭാ യോഗം അഭിപ്രായപ്പെട്ടു.

സ്റ്റാര്‍ട്ടപ്പുകള്‍ക്കും, സ്വകാര്യ കമ്പനികള്‍ക്കും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് കൂടുതല്‍ ശക്തമായി ഇടപെടല്‍ നടത്താനാകും. രാജ്യത്തിന്റെ മുഴുവന്‍ ശേഷിയും ഇനി ബഹിരാകാശ ഗവേഷണ രംഗത്ത് ഉപയോഗിക്കാന്‍ കഴിയുമെന്ന്് ഡോ. ശിവന്‍ അഭിപ്രായപ്പെട്ടു. ഇതോടെ ഗവേഷണ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇസ്രൊയ്ക്ക് കഴിയും. ഇസ്രൊയുടെ സാങ്കേതിക വൈദഗ്ധ്യവും പശ്ചാത്തല സൗകര്യങ്ങളും സ്വകാര്യമേഖലയക്ക് ഉപയോഗപ്പെടുത്താന്‍ കഴിയും. സ്വകാര്യ മേഖലയ്ക്ക് ഇനി ബഹിരാകാശ ഗവേഷണ നിര്‍മ്മാണ മേഖലകളില്‍ കൂടുതല്‍ അവസങ്ങള്‍ ലഭ്യമാകും.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here