gnn24x7

കോവിഡ്-19; ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി

0
315
gnn24x7

ഹൈദരാബാദ്: കോവിഡ്-19നെതിരെ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്‌സിന്‍ ക്ലിനിക്കല്‍ പരീക്ഷണം നടത്താന്‍ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്‌സിന്‍(covaxin) എന്ന മരുന്ന് ജൂലൈ മാസത്തോടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി പരീക്ഷിച്ചുതുടങ്ങുമെന്ന് കമ്പനി ചെയര്‍മാന്‍ ഡോ. കൃഷ്ണ എല്ല വ്യക്തമാക്കി.

ഐ.സി.എം.ആര്‍, എന്‍.ഐ.വി എന്നിവയുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്‌സിന്‍ വികസിപ്പിച്ചത്. പ്രീക്ലിനിക്കല്‍ ട്രയല്‍ വിജയിച്ചതിനു പിന്നാലെ വാക്‌സിന്‍ പ്രയോഗിക്കുന്നതിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിശദമായ റിപ്പോര്‍ട്ട് കമ്പനി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്കും കേന്ദ്രആരോഗ്യമന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നു. അനുമതി ലഭിച്ചത് പ്രകാരം ജൂലൈ മുതല്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിച്ചുതുടങ്ങും. ഹൈദരാബാദ് ജീനോം വാലിയില്‍ ഭാരത് ബയോടെക്കിന്റെ മേല്‍നോട്ടത്തിലാണ് വാക്‌സിന്‍ ഗവേഷണം നടന്നത്.

മരുന്ന് കമ്പനികള്‍ ഉള്‍പ്പടെ ഇന്ത്യയില്‍ മാത്രം മുപ്പതോളം സ്ഥാപനങ്ങള്‍ വാക്‌സിന്‍ വികസിപ്പിക്കാന്‍ രംഗത്തുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതാദ്യമായാണ് വാക്‌സിന്‍ വികസനത്തില്‍ നിര്‍ണായക ചുവടുവെയ്പ്പ് നടത്താന്‍ ഒരു കമ്പനിക്ക് സാധിക്കുന്നത്. ഭാരത് ബയോടെക്കിന്റെ ക്ലിനിക്കല്‍ പരീക്ഷണഘട്ടം വിജയകരമായി പൂര്‍ത്തിയായാല്‍ ചുരുങ്ങിയകാലം കൊണ്ട് വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ രംഗത്തിറക്കാന്‍ ഇന്ത്യയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here