ന്യൂദല്‍ഹി: ഫെബ്രുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വടക്ക്-കിഴക്ക് ദല്‍ഹി കലാപം ആസൂത്രിതമെന്ന് വ്യക്തമാക്കുന്ന കുറ്റപത്രം പൊലീസ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. കട്ടര്‍ ഹിന്ദു ഏക്ത എന്ന പേരില്‍ തുടങ്ങിയ വാട്‌സാപ്പ് ഗ്രൂപ്പാണ് കലാപത്തിലേര്‍പ്പെട്ട ആളുകള്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഗോകുല്‍പുരി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഭാഗിരഥി വിഹാറില്‍ മുസ്‌ലിങ്ങളെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ഒമ്പത് പേര്‍ ഈ ഗ്രൂപ്പിലെ അംഗങ്ങളാണ്.
‘ഞാന്‍ ഒമ്പത് മണിയോടുകൂടി എന്റെ ടീമിനൊപ്പം രണ്ട് മുസ്‌ലിങ്ങളെ കൊന്ന് ഓവുചാലില്‍ തള്ളിയിട്ടുണ്ട്. ഇത്തരം പ്രവൃത്തികളിലെ മുന്നണിയില്‍ ഞാനുമുണ്ടാകുമെന്ന് നിങ്ങള്‍ക്കറിയാമല്ലോ?’, ഗംഗാ വിഹാറില്‍ താമസിക്കുന്ന ലോകേഷ് സോളങ്കി ഫെബ്രുവരി 26 -11.49 ന് വാട്‌സാപ്പ് ഗ്രൂപ്പിലേക്കയച്ച സന്ദേശമാണിത്.
ദല്‍ഹി കലാപത്തില്‍ കൊല്ലപ്പെട്ട മുസ്‌ലിങ്ങളില്‍ ഒമ്പത് പേര്‍ക്കും ജീവന്‍ നഷ്ടമായത് ജയ് ശ്രീരാം വിളിക്കാത്തതിനാലെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
ഫെബ്രുവരി 25 നാണ് ഈ വാട്‌സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുന്നത്. മുസ്‌ലീങ്ങളോട് പ്രതികാരം ചെയ്യാനാണ് ഈ ഗ്രൂപ്പ് രൂപീകരിച്ചതെന്നും കുറ്റപത്രത്തിലുണ്ട്.
മറ്റുള്ളവരുമായി ബന്ധം പുലര്‍ത്താനും ആളുകളേയും ആയുധങ്ങളേയും വിതരണം ചെയ്യാനും ഈ ഗ്രൂപ്പാണ് ഉപയോഗിച്ചത്. ഗ്രൂപ്പ് അഡ്മിന്‍ ഇപ്പോഴും ഒളിവിലാണെന്നും പൊലീസ് പറയുന്നു.
‘കട്ടര്‍ ഹിന്ദു ഏക്ത ഗ്രൂപ്പ് ഫെബ്രുവരി 25 ന് 12.49 നാണ് രൂപീകരിക്കുന്നത്. തുടക്കത്തില്‍ ഗ്രൂപ്പില്‍ 125 പേരാണ് ഉണ്ടായിരുന്നത്. അതില്‍ 47 പേര്‍ മാര്‍ച്ച് 8 ന് ഗ്രൂപ്പില്‍ നിന്ന് പിന്മാറി’, കുറ്റപത്രത്തില്‍ പറയുന്നു.
ഹംസ, ആമിന്‍, ഭൂരെ അലി, മുര്‍സലിന്‍, ആസ് മുഹമ്മദ്, മുഷറഫ്, അകില്‍ അഹമ്മദ്, ഹാഷിം അലി, ആമിര്‍ ഖാന്‍ എന്നിവരാണ് ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ കൊല്ലപ്പെട്ടത്.
കേസിലെ പ്രതികളായ ജതിന്‍ ശര്‍മ്മ, റിഷഭ് ചൗധരി, വിവേക് പഞ്ചല്‍, ലോകേഷ് സോളങ്കി, പങ്കജ് ശര്‍മ്മ, പ്രിന്‍സ്, സുമിത് ചൗധരി, അങ്കിത് ചൗധരി, ഹിമാംശു താക്കൂര്‍ എന്നിവര്‍ ഫെബ്രുവടരി 25 നും 26 നും ഇടയില്‍ ഗംഗാ വിഹാറിലുണ്ടായിരുന്നെന്നും ഒമ്പത് പേരുടെ മരണത്തിനും മറ്റുള്ളവര്‍ക്ക് പരിക്കേല്‍പ്പിക്കുന്നതിനും കാരണക്കാരായി എന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇവര്‍ കലാപത്തില്‍ സജീവമായി ഏര്‍പ്പെട്ടിരുന്നതാണെന്നും മറ്റ് മതസ്ഥരെ ആക്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. ആളുകളുടെ പേരും വിലാസവും ചോദിച്ചാണ് ആക്രമിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.
മുസ്‌ലിം ഐഡന്റിറ്റി ഉള്ള ഒരാളെ ജയ് ശ്രീരാം വിളിക്കാത്തതിനാല്‍ ക്രൂരമായി ആക്രമിച്ച് ഓവുചാലിലേക്ക് തള്ളിയിട്ടെന്നും കുറ്റുപത്രത്തില്‍ പറയുന്നു.
കോടതി ജൂലൈ 13 ന് കേസ് പരിഗണിക്കും.









































