കൊച്ചി: ഡിപ്ലൊമാറ്റിക് ചാനൽ വഴി സ്വർണ്ണം കടത്തിയതിൽ സരിത്തിന് നിർണ്ണായക പങ്കുണ്ടെന്ന് കോടതിയിൽ സമർപ്പിച്ച റിമാന്റ് റിപ്പോർട്ടിൽ കസ്റ്റംസ്. പിടിച്ചെടുത്തത് 30244.900 ഗ്രാം സ്വർണ്ണമാണ്. ഇതിന്റെ വില 14.82 കോടി വരും.
യു.എ.ഇ. കോൺസുലേറ്റിലെ ചാർജ് ഡി-അഫേഴ്സ് റഷീദ് ഖമിസ് അലിയ്ക്ക് സംഭവത്തിൽ പങ്കില്ലെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു. എന്നാൽ ഇദ്ദേഹമാണ് ഡിപ്ലൊമാറ്റിക് ബാഗ് അയച്ചത്. ഈന്തപ്പഴം ഉൾപ്പടെ 9 ഇനം ആഹാര സാധനങ്ങളും 7 ഇനം മറ്റ് സാധനങ്ങളുമാണ് ഇതുവഴി കേരളത്തിലെത്തിച്ചത്.
ഇതിലുണ്ടായിരുന്ന ബാത്റൂം ഫിറ്റിംഗ്സിലാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. സ്വർണ്ണം ഒഴികെയുള്ള സാധനങ്ങളുടെ ഉത്തരവാദിത്വം മാത്രമേ തനിക്കുള്ളൂവെന്നാണ് കോൺസുലേറ്റ് അധികാരി കസ്റ്റംസിന് അറിയിച്ചിരിക്കുന്നത്. സ്വർണ്ണം ഉണ്ടെങ്കിൽ നിയമപരമായ നടപടി സ്വീകരിക്കാമെന്നും യു.എ.ഇ. കോൺസുലേറ്റിലെ ചാർജ് ഡി-അഫേഴ്സ് റഷീദ് ഖമിസ് അലി അറിയിച്ചിട്ടുണ്ട്.
യു എ ഇ യിൽ വ്യാപാരം നടത്തുന്ന ഫാസിൽ വഴി ഡിപ്ളൊമാറ്റിക് കാർഗോയിലൂടെ സരിത് സാധനങ്ങൾ ഇതിന് മുൻപും അയച്ചിട്ടുണ്ട്. ഇത് നിയമവിരുദ്ധമാണ്. ഡിപ്ലൊമാറ്റിക് കാർഗോ വഴി വന്ന സാധനങ്ങളുടെ നികുതി അടച്ചത് സരിത് നേരിട്ടാണ്. സാധാരണ കോൺസുലേറ്റ് ആർ.ടി.ജി.എസ്.വഴിയാണ് നികുതി അടയ്ക്കുക.
സാധനങ്ങൾ എടുക്കാൻ സരിത് എത്തിയത് സ്വന്തം കാറിലാണെന്നും കസ്റ്റംസ് പറയുന്നു. വ്യക്തികൾ സ്വന്തം വാഹനത്തിൽ കോൺസുലേറ്റ് അയയ്ക്കുന്ന സാധനങ്ങൾ കൊണ്ടു പോകുന്ന പതിവില്ല.