സതാര: കവർച്ചയാണെങ്കിലും കോവിഡ് പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ച് തന്നെയായിരിക്കണം. മഹാരാഷ്ട്രയിലെ ജ്വല്ലറിയിൽ കവർച്ചാ സംഘം എത്തിയത് പിപിഇ കിറ്റ് ധരിച്ച്.
രണ്ട് ദിവസം മുമ്പാണ് കവർച്ച നടന്നത്. ഇതിന‍്റെ സിസിടിവി ഫൂട്ടേജ് പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പിപിഇ കിറ്റ് ധരിച്ചാണ് മോഷണത്തിന് എത്തിയതെന്ന് മനസ്സിലായത്. 780 ഗ്രാം സ്വർണമാണ് മോഷ്ടാക്കൾ കവർന്നത്.
പ്ലാസ്റ്റിക് ജാക്കറ്റ്, മാസ്ക്, ഗ്ലൗസ് എന്നിവയടക്കം ധരിച്ചാണ് കവർച്ചാ സംഘം എത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം തുടരുകയാണ്.
ജ്വല്ലറി ഷോപ്പിന്റെ ചുമര് ഇടിച്ചാണ് സംഘം അകത്തു കടന്നതെന്ന് കടയുടമ പറയുന്നു. കോവിഡിനെ തുടർന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണിനിടെയാണ് കവർച്ച നടന്നത്. സംഘത്തെ കുറിച്ചുള്ള യാതൊരു സൂചനയും ഇതുവരെ ലഭിച്ചിട്ടില്ല.