ന്യൂഡല്‍ഹി: വ്യാഴാഴ്ച യുകെയില്‍ ആരംഭിക്കുന്ന ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 (India Global Week 2020)യില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ലോകത്തെ അഭിസംബോധന ചെയ്യും. വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് പ്രധാനമന്ത്രി സംസാരിക്കുക.
മൂന്ന് ദിവസമാണ് വെര്‍ച്യല്‍ പ്ലാറ്റ്‌ഫോം വഴിയുളള ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 നടക്കുക. ഇന്ത്യയുടെ വ്യവസായവും വിദേശ നിക്ഷേപ കാഴ്ചപ്പാടുകളും അടിസ്ഥാനമാക്കിയാവും പ്രധാനമന്ത്രി ഗ്ലോബല്‍ വീക്കില്‍ സംസാരിക്കുക എന്നാണ് റിപ്പോര്‍ട്ട്.
ഇന്ത്യയുടെ ആഗോളവത്കരണത്തിലെ ഏറ്റവും വലിയ പരിപാടികളിലൊന്നാണിത്. ലോകത്ത് കോവിഡ് എന്ന് ഭീഷണി ഉയര്‍ന്നുവന്നതോടെ ഇന്ത്യ നിരവധി വിദേശനിക്ഷേപങ്ങള്‍ക്ക് അനുമതി നല്‍കുമെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാളത്തെ അഭിസംബോധന ലോകത്തെ പുനരുജ്വീവിപ്പിക്കാന്‍ തന്നെ ഉതകുന്ന തരത്തിലായിരിക്കുമെന്ന് ഉറപ്പുണ്ടെന്ന് ഇന്ത്യ ഐഎന്‍സി ചെയര്‍മാനും സിഇഒയുമായ മനോജ് ലഡ്വ പറഞ്ഞു.
പ്രധാനമന്ത്രിയെ കൂടാതെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഐടി വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുളളവരും ഇന്ത്യയില്‍ നിന്നുളള പ്രസംഗകരാണ്.
ബ്രിട്ടനെ പ്രതിനിധീകരിച്ച് ചാള്‍സ് രാജകുമാരന്‍ ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020നെ അഭിസംബോധന ചെയ്ത് സംസാരിക്കും. കൂടാതെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ്, ആഭ്യന്തര സെക്രട്ടറി പ്രിതി പട്ടേല്‍, ആരോഗ്യ സെക്രട്ടറി മാറ്റ് ഹാന്‍കോക്ക് എന്നിവരും ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020ല്‍ സംസാരിക്കും. ഇംഗ്ലണ്ടിലെ പുതിയ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി ചുമതലയേറ്റ ഗൈത്രി കുമാറും പരിപാടിയില്‍ പങ്കെടുക്കും.
ഈ പരിപാടിയിലൂടെ ഇന്ത്യയ്ക്ക് നിരവധി വിദേശ നിക്ഷേപ, ഉത്പാദന അവസരങ്ങള്‍ക്ക് വഴി തുറന്നുകിട്ടും എന്നാണ് പ്രതീക്ഷ.
ഇന്ത്യ-ഇംഗ്ലണ്ട് ഉഭയകക്ഷി ബന്ധത്തില്‍ ഊന്നിയുളളതായിരിക്കും ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020.
ഇംഗ്ലണ്ട് ആസ്ഥാനമായിട്ടുളള മാധ്യമ സ്ഥാപനമായ ഇന്ത്യ ഇന്‍ക് ഗ്രൂപ്പ് ആണ് ഇന്ത്യ ഗ്ലോബല്‍ വീക്ക് 2020 സംഘടിപ്പിക്കുന്നത്. ജൂലൈ 9 മുതല്‍ 11 വരെയുളള പരിപാടിയില്‍ 75ഓളം സെഷന്‍സാണ് ഉണ്ടാവുക. ഇന്ത്യന്‍ വംശജനായ ഹോളിവുഡ് നടന്‍ കുനാല്‍ നയ്യാര്‍, മാധ്യമ പ്രവര്‍ത്തക ബര്‍ക്ക ദത്ത്, ഇഷാ ഫൗണ്ടേഷന്‍ സ്ഥാപകന്‍ സദ് ഗുരു, ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍ അടക്കമുളളവര്‍ വിവിധ സെഷനുകളില്‍ പങ്കെടുക്കും.