തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിനുണ്ടായിരുന്നത് ഉന്നതബന്ധങ്ങൾ. യുഎഇ കോണ്‍സുലേറ്റിലെ ജോലി ഉപയോഗിച്ച് മൂന്നു വര്‍ഷം കൊണ്ടാണ് ഉന്നത ഉദ്യോഗസ്ഥരുമായി സ്വപ്നം ബന്ധംസ്ഥാപിച്ചത്. 2013ല്‍ എയര്‍ ഇന്ത്യാ സാറ്റ്സില്‍ എച്ച്ആര്‍ മാനേജരായി എത്തുന്നതോടെയാണു തലസ്ഥാനത്തെ ബന്ധങ്ങള്‍ തുടങ്ങുന്നത്. മൂന്ന് വര്‍ഷം അവിടെ തുടർന്നു. വ്യാജരേഖാ കേസില്‍പെട്ട് ജോലി പോകുമെന്നായപ്പോള്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് ചാടി. പിതാവിന്റെ ദുബായ് ബന്ധവും അറബി ഭാഷയിലെ കഴിവുമായിരുന്നു സ്വപ്നയെ കോൺസുലേറ്റിലെ എക്സിക്യൂട്ടീവ് സെക്രട്ടറിയാക്കിയത്.
ഉന്നത ബന്ധങ്ങൾ
2016ൽ തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റിന്റെ ഓഫീസ് തുടങ്ങിയതു മുതല്‍ സ്വപ്നയായിരുന്നു അവിടത്തെ എല്ലാം എല്ലാം. കോണ്‍സുലേറ്റിന്റെ ഉന്നത ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധമാണുണ്ടായിരുന്നത്. സംസ്ഥാന സർക്കാർ വിളിക്കുന്ന ഔദ്യോഗിക യോഗത്തില്‍ പോലും കോണ്‍സുലേറ്റ് പ്രതിനിധിയേപ്പോലെ സ്വപ്ന പങ്കെടുത്തു.
നക്ഷത്ര പാർട്ടികളിലെ സ്ഥിരം സാന്നിധ്യം
കോൺസുലേറ്റിൽ ജോലി ചെയ്യുമ്പോഴാണ് തലസ്ഥാനത്തെ ഉന്നതരുമായി ബന്ധം സ്ഥാപിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ പാർട്ടികളിൽ സ്ഥിരം സാന്നിധ്യമായി. സർക്കാർ ഉദ്യോഗസ്ഥയും കോൺസുലേറ്റ് മുൻ ജീവനക്കാരിയും എന്ന ഇരട്ട സ്വാധീനത്തിലായിരുന്നു സ്വർണക്കടത്ത് കേസിൽ നിന്ന് സ്വപ്നയെ രക്ഷിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതെന്ന ആരോപണമാണ് കോൺഗ്രസും ബിജെപിയും ഉന്നയിക്കുന്നത്. സ്വർണക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതോടെ ഇവരുടെ രാഷ്ട്രീയ ബന്ധങ്ങളും കൂടുതൽ ചർച്ചയായേക്കും. ഇതിനിടെ, സ്വപ്ന സുരേഷിന്റെ ഉന്നതബന്ധങ്ങളെ കുറിച്ചും സ്വത്ത് സമ്പാദനത്തെ കുറിച്ചും കേന്ദ്ര ഏജൻസികൾ അന്വേഷണം തുടങ്ങിയതായാണ് വിവരം.