ന്യൂദല്‍ഹി: തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ധനമന്ത്രി നിര്‍മല സീതാരാമനും കൂടിക്കാഴ്ച നടത്തി. പ്രധാനമന്ത്രിയുടെ ഓഫീസ് കേസിന്റെ വിവരങ്ങള്‍ തേടിയതിന് പിന്നാലെയാണ് കൂടിക്കാഴ്ച.
കസ്റ്റംസ് അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്തിയ ശേഷം കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ അന്വേഷണം വേണോ എന്ന കാര്യത്തില്‍ തീരുമാനമുണ്ടാകും. പരോക്ഷ നികുതി ബോര്‍ഡിനോട് ധനമന്ത്രി ഈ കേസിന്റെ വിവരങ്ങള്‍ ആരാഞ്ഞു.കസ്റ്റംസിന് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ നടത്താനുള്ള അധികാരമില്ല.
അതുകൊണ്ട് തന്നെ സ്വര്‍ണ്ണക്കടത്ത് എങ്ങോട്ടാണ്, ആര്‍ക്കു വേണ്ടിയാണ് എന്ന കാര്യത്തില്‍ വ്യക്തത വരുത്തിയ ശേഷം മാത്രമായിരിക്കും കേന്ദ്രതലത്തിലുള്ള അന്വേഷണത്തെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുകയെന്നാണ് റിപ്പോര്‍ട്ട്.
സ്വര്‍ണ്ണക്കടത്ത് ക്രിമിനല്‍ കേസ് സ്വഭാവത്തിലേക്ക് മാറുകയാണെങ്കില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള സാധ്യത തെളിയും. അതേസമയം തന്നെ ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി സ്വര്‍ണ്ണക്കടത്തിന് ബന്ധമുണ്ടെങ്കില്‍ എന്‍.ഐ.എ അന്വേഷണവും ഉണ്ടാകും.
കേസില്‍ നിലവില്‍ യു.എ.ഇയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രണ്ട് യു.എ.ഇ പൗരന്‍മാരെ ചോദ്യം ചെയ്യണമെന്നുള്ള ആവശ്യം കസ്റ്റംസ് മുന്നോട്ടു വെച്ചിട്ടുണ്ട്.