ന്യുഡൽഹി: UAE കോൺസുലേറ്റ് വഴി നടന്ന സ്വർണ്ണക്കടത്ത് കേസിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവൽ ഇടപെടുന്നു. അന്താരാഷ്ട്ര ബന്ധമുള്ള ഈ കേസിനെ സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം ധനമന്ത്രാലയത്തിൽ നിന്നും ശേഖരിച്ചുവെന്നാണ് കേന്ദ്രസർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
പ്രധാനമന്ത്രിയുടെ ഓഫീസ് നേരത്തെതന്നെ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ നിരീക്ഷിക്കുകയാണ്. കസ്റ്റംസ് അന്വേഷിക്കുന്ന കേസിൽ എൻഐഎയും, സിബിഐയും വിവരങ്ങൾ ശേഖരിക്കുന്നുണ്ട് എന്നും സൂചനയുണ്ട്. സ്വർണ്ണക്കടത്തുമായി ബന്ധമുള്ള എല്ലാ വിവരങ്ങളും പുറത്തുകൊണ്ട് വരുന്നതിനാണ് കേന്ദ്ര സർക്കാരിന്റെ ശ്രമം. അതുകൊണ്ടുതന്നെയാണ് രഹസ്യാന്വേഷണവിഭാഗവും ഈ കേസിൽ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
സ്വർണ്ണക്കടത്തിലൂടെ ലഭിക്കുന്ന പണം തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്നോ എന്ന സംശയവും കേന്ദ്ര അന്വേഷണ ഏജൻസികൾക്കുണ്ട്. അതുകൊണ്ട് പഴുതടച്ച അന്വേഷണമായിരിക്കും കേന്ദ്ര സർക്കാർ നടത്തുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സാമ്പത്തിക ഇടപാടുകൾ പരിശോധിക്കുന്നുണ്ട്. ഇന്ത്യ-യുഎഇ ബന്ധത്തിൽ വിള്ളലുകൾ ഉണ്ടാക്കുന്ന സംഭവമാണ് ഇത് അതുകൊണ്ടുതന്നെ അങ്ങനെ ഒന്നും സംഭവിക്കാതെയാണ് കേസന്വേഷണം നടക്കേണ്ടത്.
നയതന്ത്ര പരിരക്ഷ സ്വർണ്ണക്കടത്തിന് ഉപയോഗിക്കുന്നുവെന്നത് ഇരു രാജ്യങ്ങളും വളരെ ഗൗരവമായാണ് കാണുന്നത്. അതുകൊണ്ട് കൃത്യവും വ്യക്തവുമായ ഒരു അന്വേഷണത്തിനായിരിക്കും കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.