യുഎഇ: സ്വർണ്ണക്കടത്ത് കേസിൽ കേരളത്തിൽ നടക്കുന്ന അന്വേഷണത്തിൽ പ്രതികരിച്ച് UAE രംഗത്ത്. അന്വേഷണത്തിൽ കോൺസുലേറ്റിനെ പൂർണ്ണമായും കുറ്റവിമുക്തമാക്കുമെന്ന പ്രതീക്ഷയിലാണ് UAE.
ഇതിനിടയിൽ മറ്റൊരു പ്രതിയായ ഫൈസൽ ഫരീദിനെതിരായ നീക്കം അന്വേഷണസംഘം ശക്തമാക്കിയിട്ടുണ്ട്. ഇയാൾ ദുബായിലാണ് ഉള്ളത്. ഇന്ത്യൻ ജുഡീഷറിയിലും എൻഐഎ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളിലും പൂർണ്ണ മതിപ്പാണ് ഉള്ളതെന്ന് യുഎഇയുടെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് അൽ ബന്ന പ്രതികരിച്ചു.
അന്വേഷണം പൂർത്തിയാക്കുന്നതോടെ തങ്ങളുടെ നയതന്ത്ര കേന്ദ്രം കുറ്റവിമുക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ്ണക്കടത്തു കേസിൽ ഇതുവരെ നടത്തിയ അന്വേഷണത്തിൽ കോൺസുലേറ്റിലെ ജീവനക്കാർക്കോ ഉന്നതർക്കോ പങ്കുണ്ടെന്ന് കണ്ടെത്താനായിട്ടില്ല എന്നാണ് ഏജൻസികൾ UAE യെ അറിയിച്ചിരിക്കുന്നത്. മാത്രമല്ല ദുബായിലുള്ള ഫൈസൽ ഫരീദിനെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ ഇന്ത്യ യുഎഇയ്ക്ക് കൈമാറിയിട്ടുണ്ട് എന്നാണ് വിവരം.
കാർഗോ അയച്ചതിന്റെ ഇൻവോയ്സ് രേഖകൾക്കൊപ്പം കോൺസുലേറ്റിന്റെ പേരിൽ സ്വർണ്ണം കടത്താൻ യുഎഇയുടെ വ്യാജ സീലും എംബ്ലവും ഫൈസൽ നിമ്മിച്ചതായും ഇന്ത്യ UAE യെ അറിയിച്ചിട്ടുണ്ട്.