ദുബായ്: മാർച്ച് 1നു ശേഷം വിസിറ്റ് വീസ കാലാവധി അവസാനിച്ചവർക്ക് പിഴയില്ലാതെ രാജ്യം വിട്ടുപോകാനോ വീസ പുതുക്കാനോ ഒരു മാസത്തെ കാലാവധി കൂടി അനുവദിച്ചിട്ടുണ്ടെന്ന് ഈ മേഖലയിലുള്ളവർ ചൂണ്ടിക്കാട്ടുന്നു. 12 മുതൽ ഒരു മാസത്തേക്കാണ്, അതായത് ഓഗസ്റ്റ് 12 വരെയാണ് ഇങ്ങനെ സമയം അനുവദിച്ചിട്ടുള്ളത്. 
പിഴ വരാതിരിക്കണമെങ്കിൽ ഈ സമയത്തിനുള്ളിൽ രാജ്യം വിടുകയോ പുതിയ വീസ എടുക്കുകയോ വേണം. ഓൺലൈൻ വഴി ഇങ്ങനെ വീസ ലഭിക്കില്ല. ട്രാവൽ ഏജന്റുമാർ മുഖേനയോ ടൈപ്പിങ് സെന്ററുകൾ വഴിയോ മാത്രം ലഭിക്കും. ഒന്നു മുതൽ മൂന്നു മാസത്തേക്ക് വീസ പുതുക്കാം. 
1700 ദിർഹമാണ് ഒരു മാസത്തെ വീസയ്ക്ക് ചാർജ്. മൂന്നു മാസത്തേക്ക് 2200 ദിർഹം. രാജ്യം വിടാതെ വീസാ പുതുക്കുന്നതിനുള്ള തുകയായ 670 ദിർഹവും ചേർത്താണിത്.
താമസ വീസ ക്യാൻസലാക്കിയവർക്കും ടൂറിസ്റ്റ് വീസയ്ക്ക് അപേക്ഷിക്കാം. പുതിയ ജോലിയിൽ പ്രവേശിക്കുകയോ പുതിയ സ്പോൺസറെ കണ്ടെത്തുകയോ ചെയ്താൽ ടൂറിസ്റ്റ് വീസ താമസവീസയാക്കി മാറ്റാം.
കാലാവധി കഴിഞ്ഞും തങ്ങുന്നവർക്ക് പ്രതിദിനം നൂറു ദിർഹമാണ് പിഴ.
                








































