റിയാദ്: കോവിഡ് -19 ആരോഗ്യ പ്രോട്ടോക്കോളുകൾ ലംഘിച്ചതിന് സൗദി അറേബ്യയിലെ റിയാദ് മുനിസിപ്പാലിറ്റി കഴിഞ്ഞ ഒരാഴ്ചക്കിടെ 648 സ്ഥാപനങ്ങൾ അധികൃതർ അടച്ചുപൂട്ടി.
ആരോഗ്യ സുരക്ഷയും മുനിസിപ്പാലിറ്റി പുറപ്പെടുവിച്ച നിബന്ധനകളും കച്ചവടക്കാർ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനായി കഴിഞ്ഞയാഴ്ച 24,000 പരിശോധനകൾ നടത്തിയതായി മുനിസിപ്പാലിറ്റി ട്വിറ്റർ അക്കൗണ്ടിൽ അറിയിച്ചു.
പുതുതായി പരിഷ്കരിച്ച സൗദി പ്രോട്ടോക്കോളുകൾ അനുസരിച്ച്, കച്ചവട സ്ഥലങ്ങളിൽ തങ്ങളുടെ ജീവനക്കാർക്ക് അണുനാശിനി, സാനിറ്റൈസർ എന്നിവ നൽകുന്നത് ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കേണ്ടതുണ്ട്, ഷോപ്പിംഗ് മാളുകളുടെ പ്രവേശന കവാടങ്ങളിൽ ജീവനക്കാരുടെയും ഉപഭോക്താക്കളുടെയും താപനില പരിശോധിക്കണം.
ഓരോ ഉപയോഗത്തിനും ശേഷം ഷോപ്പിംഗ് ട്രോളികളും ബാസ്കറ്റുകളും അണുവിമുക്തമാക്കുക, എല്ലാ സൗകര്യങ്ങളും പ്രതലങ്ങളും വൃത്തിയാക്കുക, കുട്ടികളുടെ കളിസ്ഥലങ്ങൾ അടയ്ക്കുക, ഷോപ്പിംഗ് മാളുകളിലും റെഡി-വെയർ ഔട്ട്‌ലെറ്റുകളിലും ഫിറ്റിംഗ് റൂമുകൾ അടക്കുക എന്നിവയാണ് മറ്റ് നടപടികൾ.
മുൻകരുതൽ നടപടികളിലും പ്രതിരോധ നടപടികളിലും നിശ്ചയിച്ചിട്ടുള്ള ആളുകളേക്കാൾ കൂടുതൽ പേർ ഷോപ്പിംഗ് മാളിനകത്തോ പുറത്തോ ഒത്തുചേർന്നാൽ, ഓരോ വ്യക്തിക്കും 5,000 റിയാൽ പിഴ ഈടാക്കുമെന്നും മുനിസിപ്പാലിറ്റി അറിയിച്ചു.









































