അബുദാബി: കോവിഡ് -19 വാക്സിന്‍റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ ട്രയല്‍ അബുദാബിയില്‍ ആരംഭിച്ചു. ലോകാരോഗ്യ സംഘടന ലിസ്റ്റ് ചെയ്തതില്‍ UAEയില്‍ നടക്കുന്ന പരീക്ഷണവും ഉള്‍പ്പെടും.
UAE ആരോഗ്യ വകുപ്പിന്‍റെയും മന്ത്രാലയത്തിന്‍റെ യും കീഴിലുള്ള അബുദാബി ആസ്ഥാനമായുള്ള ജി 42 ഹെല്‍ത്ത് കെയറും ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ ഗ്രൂപ്പായ സിനോഫാര്‍മും തമ്മില്‍ സഹകരിച്ചാണ് കോവിഡ് വാക്സിന്‍ പരീക്ഷണം നടത്തുന്നത്.
അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുള്ള ബിന്‍ മുഹമ്മദ് അല്‍ ഹമീദ് പരീക്ഷണത്തിലെ ആദ്യ പങ്കാളിയായി.
അദ്ദേഹത്തിന് ശേഷം ആക്ടിംഗ് അണ്ടര്‍സെക്രട്ടറി ഡോ. ജമാല്‍ അല്‍ കാബിയും പരീക്ഷണത്തിന്റെ ഭാഗമായി. ഇരുവരുടെയും പങ്കാളിത്തം കോവിഡ്-19ന് പ്രതിവിധി കണ്ടെത്തുന്നതിനുള്ള അബുദാബിയുടെ പ്രതിബദ്ധത ഉയര്‍ത്തിക്കാട്ടുന്നതാണ്. ആഗോള സഹകരണ പ്രയത്നത്തിലൂടെ മഹാമാരിയെ മറികടക്കാനുള്ള യു.എ.ഇ നേതൃത്വത്തിന്‍റെ കാഴ്ചപ്പാടാണ് ഇതിന് പ്രചോദനമായിരിയ്ക്കുന്നത്.
കൂടാതെ, അബുദാബിയില്‍ ഉല്‍പ്പാദനം നടത്തുന്നത്തിലൂടെ, യുഎഇ നിവാസികള്‍ക്ക് വാക്സിന്‍ വേഗത്തില്‍ ലഭ്യമാക്കാന്‍ സഹായിക്കുക എന്നതും UAE നേതൃത്വം ലക്ഷ്യമിടുന്നു. 200 അധികം ദേശീയതകള്‍ ഉള്‍ക്കൊള്ളുന്ന ജനസംഖ്യ കാരണമാണ് മൂന്നാംഘട്ട പരീക്ഷണത്തിന് യു.എ.ഇയ്ക്ക് മുന്‍ഗണന ലഭിച്ചത്.
മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ 18നും 60നും ഇടയില്‍ പ്രായമുള്ള വ്യക്തിഗത സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അബുദാബിയിലോ അല്‍ ഐനിലോ താമസിക്കുന്നവര്‍ക്കും പങ്കെടുക്കാം. പരീക്ഷണങ്ങള്‍ 3-6 മാസം നീണ്ടുനില്‍ക്കും.
ചൈനയില്‍ നടത്തിയ ഒന്നാം ഘട്ട, രണ്ടാം ഘട്ട പരീക്ഷണങ്ങളുടെ വിജയയത്തിന് ശേഷമാണ് അബുദാബിയില്‍ മൂന്നാംഘട്ട പരീക്ഷണം ആരംഭിച്ചത്. മുന്‍പ് നടത്തിയ ഘട്ടങ്ങളില്‍ 100% സന്നദ്ധപ്രവര്‍ത്തകര്‍ക്കും രണ്ട് ഡോസുകള്‍ക്ക് ശേഷം 28 ദിവസത്തിനുള്ളില്‍ ആന്റിബോഡികള്‍ ഉണ്ടായതായാണ് അവകാശപ്പെടുന്നത്.