ദുബായ്: കോളജ് പൂർവവിദ്യാർഥികളുടെ യുഎഇയിലെ ഏറ്റവും വലിയ കൂട്ടായ്മയായ അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് നാട്ടിലേക്കു പോകേണ്ടവർക്കായി സൗജന്യ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുന്നു. മനോരമ വായനക്കാരായ ഏതാനും പേർക്കും ഈ വിമാനത്തിൽ അവസരം ലഭിക്കും. 25ന് ഉച്ചക്ക് 12.30ന് കൊച്ചിയിലേക്ക് ഫ്ലൈദുബായ് വിമാനമാണ് സർവീസ് നടത്തുക.
അപേക്ഷകൾ വിലയിരുത്തി അർഹരെ കണ്ടെത്താൻ പ്രത്യേക സമിതിയെ നിയോഗിച്ചതായി ജനറൽ കൺവീനർ സാനു മാത്യു അറിയിച്ചു. ഇതിനോടകം 6 ചാർട്ടേഡ് വിമാനങ്ങൾ വഴി രണ്ടായിരത്തിലധികം പേരെ അക്കാഫ് വൊളിന്റിയർ ഗ്രൂപ്പ് നാട്ടിലെത്തിച്ചു. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടുന്നവർക്ക് ഈ സർവീസുകളിലും സൗജന്യ യാത്രയോ നിരക്ക് ഇളവോ നൽകിയിരുന്നു.
സാമ്പത്തിക ബുദ്ധിമുട്ട് മൂലം പോകാൻ കഴിയാതെ ഏറെപ്പേർ ഇനിയുമുണ്ടെന്ന് കണ്ടതോടെയാണ് സൗജന്യ വിമാനം ഏർപ്പെടുത്താൻ തീരുമാനിച്ചതെന്ന് അക്കാഫ് വൊളന്റിയർ ഗ്രൂപ്പ് മുതിർന്ന അംഗം പോൾ ടി.ജോസഫ് അറിയിച്ചു. ജോലി നഷ്ടപ്പെട്ടവർക്കും സന്ദർശക വീസയിൽ വന്ന് കുടുങ്ങിപ്പോയവർക്കും മുൻഗണന നൽകുമെന്നും പറഞ്ഞു.






































