കൊച്ചി: മുന്‍ ഐ.ടി സെക്രട്ടറി എം. ശിവശങ്കറുമായി അടുത്ത ബന്ധമെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സരിത്തിന്റെ മൊഴി. വ്യക്തിപരമായ പ്രശ്നങ്ങളില്‍ പോലും ശിവശങ്കരന്‍ ഇടപെട്ടിരുന്നതായും സരിത്ത് കസ്റ്റംസിന് മൊഴി നല്‍കിയിട്ടുണ്ട്.
ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയിട്ടുണ്ടെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ സ്വപ്ന ജോലി ചെയ്തിരുന്ന സമയത്താണ് ഔദ്യോഗിക വാഹനത്തില്‍ സ്വര്‍ണം കടത്തിയത്. താനും സ്വപ്നയും ചേര്‍ന്നാണ് വ്യാജ രേഖകള്‍ ചമച്ചതെന്നും സരിത്ത് മൊഴി നല്‍കിയിട്ടുണ്ട്.
അതേസമയം, എം ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍.ഐ.എ ചോദ്യം ചെയ്യുമെന്നാണ് അറിയുന്നത്. ശിവശങ്കറിന്റെ വിദേശയാത്രയുടെ വിവരങ്ങളും എന്‍.ഐ.എ സംഘം പരിശോധിക്കും.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഹൈദരാബാദിലെ ഹവാല പണമിടപാടിനെക്കുറിച്ചും ഏജന്‍സി അന്വേഷിക്കും. കേസില്‍ ശിവശങ്കറിന് പങ്കുണ്ടെന്ന് പ്രതികളായ സ്വപ്നയുടെയും സന്ദീപിന്റെയും മൊഴികളില്‍ നിന്ന് സൂചന ലഭിച്ചിരുന്നു.
അതേസമയം സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായരുടെ സ്ഥാപനത്തില്‍ കസ്റ്റംസ് റെയ്ഡ് നടത്തുകയാണ്. നെടുമങ്ങാടുള്ള കാര്‍ബണ്‍ ഡോക്ടര്‍ എന്ന സ്ഥാപനത്തിലാണ് കസ്റ്റംസ് റെയ്ഡ് നടത്തുന്നത്. സ്വപ്ന സുരേഷിന്റെ അമ്പലമുക്കിലെ ഫ്ളാറ്റിലും എന്‍.ഐ.എ റെയ്ഡ് നടത്തുന്നുണ്ട്.
സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റഡിയിലെടുത്ത കൊടുവള്ളി ഷമീമിന്റെ വീട്ടിലും കസ്റ്റംസ് റെയ്ഡ് നടത്തുന്നുണ്ട്. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന. കഴിഞ്ഞ ദിവസം മുഖ്യപ്രതി ഫൈസല്‍ ഫരീദിന്റെ തൃശൂരിലെ വീട്ടിലും കോഴിക്കോട്ടെ കൊടുവള്ളിയിലെ ജ്വല്ലറിയിലും കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജ്വല്ലറിയിലെ സ്വര്‍ണം കസ്റ്റംസ് കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.