തനിക്കെതിരെ ഉയരുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ അത്യധികം വേദനയുണ്ടെന്ന് സച്ചിൻ പൈലറ്റ്. ബിജെപിയിലേക്ക് കൂടുമാറാൻ സച്ചിൻ പൈലറ്റ് തനിക്ക് പണം വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഒരു കോൺഗ്രസ് എംഎൽഎ ആരോപിച്ചിരുന്നു. രാജസ്ഥാനിലെ അശോക് ഗെഹ്ലോട്ട് സർക്കാരിനെ അട്ടിമറിക്കുന്നതിനായാണ് ഇത്തരമൊരു വാഗ്ദാനം സംസ്ഥാനത്തെ മുൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ മുന്നോട്ട് വച്ചതെന്നായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് സച്ചിൻ പൈലറ്റിന്‍റെ പ്രതികരണം.
‘ഇത്തരത്തിൽ അടിസ്ഥാനരഹിതവും ഖേദകരവുമായ ആരോപണങ്ങൾ തനിക്കെതിരെ ഉന്നയിക്കപ്പെടുന്നതിൽ സങ്കടമുണ്ട്. പക്ഷെ ഒട്ടും ആശ്ചര്യമില്ല’ എന്നായിരുന്നു പ്രതികരണം. ഇത്തരം ആരോപണം ഉന്നയിച്ച എംഎൽഎക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സച്ചിൻ പൈലറ്റ് പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്. തന്നെ അപകീർത്തിപ്പെടുത്തുന്നതിനും സംസ്ഥാന നേതൃത്വത്തിനെതിരെ താൻ ഉന്നയിച്ച തീർത്തും ന്യായമായ ആശങ്കകളിൽ നിന്നും ശ്രദ്ധ തിരിക്കുന്നതിനുമായാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.
‘എന്‍റെ വിശ്വാസ്യത തകർക്കാനും അപകീർത്തിപ്പെടുത്താനും ലക്ഷ്യം വച്ചുള്ള ശ്രമങ്ങളാണ് നടക്കുന്നത്. യഥാർഥ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിച്ചു വിടാനുള്ള ശ്രമങ്ങൾ.. എനിക്കെതിരെ ആരോപണം ഉന്നയിച്ച എംഎൽഎയ്ക്കെതിരെ ഉചിതവും കർശനവുമായ നിയമ നടപടികൾ സ്വീകരിക്കും.. എന്‍റെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള പല ആരോപണങ്ങളും ഇനിയും ഉയരുമെന്ന് എനിക്കുറപ്പാണ്.. പക്ഷെ ഞാൻ എന്‍റെ വിശ്വാസങ്ങളിലും ബോധ്യങ്ങളിലും ഉറച്ചു നില്‍ക്കും’ പൈലറ്റ് വ്യക്തമാക്കി.
കോൺഗ്രസ് എംഎൽഎ ഗിരിരാജ് സിംഗ് മലിംഗയാണ് സച്ചിനെതിരെ കോഴ ആരോപണങ്ങൾ ഉന്നയിച്ചത്. ബിജെപിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് പൈലറ്റിന്‍റെ വസതിയിൽ നടന്ന ചർച്ചയിലാണ് പണം വാഗ്ദാനം ചെയ്തതെന്നായിരുന്നു ആരോപണം. എത്ര രൂപയാണ് വാഗ്ദാനം നൽകിയതെന്ന് വെളിപ്പെടുത്തിയില്ലെങ്കിലും ആവശ്യം താൻ നിരസിച്ചുവെന്നാണ് മലിംഗ അറിയിച്ചത്.





































