gnn24x7

ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു

0
241
gnn24x7

തെല്‍ അവീവ്: ഇസ്രഈലില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം കനക്കുന്നു. ജറുസലേമില്‍ വെള്ളിയാഴ്ച രാത്രി നടന്ന പ്രക്ഷോഭത്തില്‍ 55 പേര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. ജറുസലേമിലെ നെതന്യാഹുവിന്റെ വസതിക്കു നേരെയാണ് പ്രതിഷേധം നടന്നത്.

ആയിരക്കണക്കിന് പേര്‍ പങ്കെടുത്ത പ്രതിഷേധത്തില്‍ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ സംഘര്‍വുമുണ്ടായി. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് പ്രതിഷേധം. ഇസ്രഈലില്‍ പലഭാഗങ്ങളിലും നെതന്യാഹുവിനെതിരെയുള്ള പ്രതിഷേധം തുടരുകയാണ്.

കൊവിഡ് പ്രതിസന്ധിയെ നേരിട്ടതില്‍ സര്‍ക്കാരിന് പറ്റിയ പരാജയം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം നടക്കുന്നത്. കൊവിഡ് പ്രതിസന്ധി ശേഷം രാജ്യത്തെ സാമ്പത്തിക മേഖലയെ കാര്യമായി ബാധിച്ചിട്ടുണ്ട്. കൊവിഡ് പ്രതിസന്ധിക്കിടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 21 ശതമാനത്തിനു മേലെ ഉയര്‍ന്നിട്ടുണ്ട്.

കൊവിഡ് വ്യാപനം രൂക്ഷമായ ഘട്ടത്തില്‍ ഇസ്രഈലില്‍ മാര്‍ച്ച് പകുതിയോടെ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. മെയ് മാസത്തില്‍ ഇവയില്‍ ഇളവ് വരുത്തുകയും ചെയ്തു. തുടര്‍ന്ന് നിയന്ത്രണ വിധേയമായ കൊവിഡ് ജൂലൈ മാസത്തോടെ രാജ്യത്ത് വീണ്ടും വ്യാപിക്കാനും തുടങ്ങി. കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച മാത്രം ഇസ്രഈലില്‍ 549 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 301 രോഗികളുടെ സ്ഥിതി ഗുരുതരമാണ്. 90 ലക്ഷത്തോളം ജനസംഖ്യയുള്ള ഇസ്രഈലില്‍ ഇതുവരെ 58,000 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 442 പേര്‍ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.

നെതന്യാഹുവിനെതിരെയുള്ള അഴിമതി ആരോപണത്തിന്റെ പേരില്‍ കഴിഞ്ഞ മാസങ്ങളിലായി രാജ്യത്ത് പ്രക്ഷോഭം നടന്നിരുന്നു. പിന്നീട് കൊവിഡ് വ്യാപന ഘട്ടത്തില്‍ ഇതിന് അയവു വരുകയായിരുന്നു.

ഇതിനു പുറമെ വ്യാഴാഴ്ച ഇസ്രഈല്‍ പാര്‍ലമെന്റായ നെസറ്റ് പാസാക്കിയ പുതിയ നിയമ പ്രകാരം അടിയന്തരാവസ്ഥ പ്രഖ്യപിക്കാന്‍ സര്‍ക്കാരിന് പ്രത്യേക അനുമതി നല്‍കുന്നുണ്ട്. ജനാധിപത്യ വിരുദ്ധമെന്ന ആരോപണം നേരിടുന്ന പുതിയ നീക്കവും പ്രക്ഷോഭകരെ രോഷാകുലരാക്കിയിട്ടുണ്ട്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here