തിരൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. മലപ്പുറത്തും കാസര്‍ഗോഡുമാണ് മരണം സ്ഥിരീകരിച്ചിരിക്കുന്നത്.
മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുല്‍ ഖാദര്‍, കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് മരിച്ചത്.
മഞ്ചേരി മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന അബ്ദുള്‍ ഖാദറിന് ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ 18-ാം തിയതിയാണ് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.
ജൂലൈ 19ന് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹത്തിന് കടുത്ത പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ക്കും ഇദ്ദേഹം ചികിത്സിയലായിരുന്നു.
കഴിഞ്ഞ ദിവസം സ്ഥിതി വഷളായതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. പ്ലാസ്മ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.
പരിയാരം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെയാണ് കാസര്‍ഗോഡ് കുമ്പള സ്വദേശി അബ്ദുള്‍ റഹ്മാന്‍ മരിച്ചത്. ഇദ്ദേഹത്തിന് നിരവധി ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കാസര്‍ഗോഡ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.