gnn24x7

പ്രവാസി ക്ഷേമനിധി അംഗത്വ അപേക്ഷാ പ്രായപരിധി 60 വയസില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യവുമായി ഹര്‍ജി.

0
278
gnn24x7

കേരള സര്‍ക്കാരിന്റെ പ്രവാസി ക്ഷേമനിധി അംഗത്വ അപേക്ഷാ പ്രായപരിധി 60 വയസില്‍ നിന്ന് ഉയര്‍ത്തണമെന്ന ആവശ്യവുമായി ഹര്‍ജി.ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്‍ ആണ് കേരള ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

നിലവില്‍ ഈ ക്ഷേമനിധിയില്‍ അംഗത്വമെടുക്കുവാനുള്ള പ്രായപരിധി 60 വയസാണ്.  ഈ പ്രായം കഴിഞ്ഞ് വരുന്നവര്‍ക്ക് ക്ഷേമനിധിയില്‍ അംഗത്വം നല്‍കാതിരിക്കുന്നത് വിവേചനപരമാണെന്നും പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കെത്തുന്ന എല്ലാവര്‍ക്കും പ്രവാസ ക്ഷേമനിധിയില്‍ അംഗത്വം നല്‍കണമെന്നുമാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ ക്ഷേമനിധിയെക്കുറിച്ചു നിരവധി പ്രവാസികള്‍ക്ക് അറിവില്ലാത്തതിനെ തുടര്‍ന്ന് പലരും ചേര്‍ന്നിരുന്നില്ല. ഇപ്പോള്‍ കൊവിഡിനെയും മറ്റും തുടര്‍ന്നു നിരവധി പ്രവാസികളാണ് നാട്ടിലേക്കെത്തുന്നത്.

കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ 2008ല്‍ കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമനിയമം പാസാക്കിയിരുന്നു. തുടര്‍ന്നാണ് പ്രവാസികള്‍ക്ക് പെന്‍ഷനുള്‍പ്പെടെ നല്‍കുക എന്ന ലക്ഷ്യത്തോടെ പ്രവാസി ക്ഷേമ ബോര്‍ഡ് സ്ഥാപിച്ചത്. പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റും നല്‍കുന്നതിനായി ക്ഷേമനിധി രൂപീകരിക്കുകയും ചെയ്തു. നോര്‍ക്കയുടെ ഇന്‍ഷുറന്‍സ് അടങ്ങുന്ന തിരിച്ചറിയല്‍ കാര്‍ഡിനും പ്രവാസി  ക്ഷേമനിധി പെന്‍ഷന്‍ സ്‌കീമിലെ അംഗത്വം എടുക്കാനും 60 വയസ് പ്രായപരിധി തടസമാകരുതെന്ന്  പ്രവാസി ലീഗല്‍ സെല്‍ നേരത്തെ അഭ്യര്‍ത്ഥിച്ചിരുന്നു.

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസി ലീഗല്‍ സെല്ലിന്റെ  യുഎഇ കണ്‍ട്രിഹെഡ് ആയി ശ്രീധരന്‍ പ്രസാദിനെ ഗ്ലോബല്‍ പ്രസിഡന്റ് അഡ്വ. ജോസ് ഏബ്രഹാം കഴിഞ്ഞ ദിവസം നിയമിച്ചു. 40 വര്‍ഷത്തിലേറെയായി യുഎഇയിലുള്ള ശ്രീധരന്‍ പ്രസാദ് സാമൂഹിക-സാംസ്‌കാരിക മേഖലകളില്‍ സജീവമാണ്.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here