ചെന്നൈ: മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയായ പൊന്നിയന്‍ സെല്‍വന്റെ വാര്‍ത്തകള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ പ്രേക്ഷകരുടെ ഇഷ്ടബാലതാരമായ സാറയും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പേര്‍ട്ട്.
ദൈവത്തിരുമകളിന് ശേഷം വിക്രമിന്റെ സിനിമയില്‍ സാറ എത്തുന്നത് ആരാധകര്‍ ആഘോഷമാക്കിയിട്ടുണ്ട്. ചിത്രത്തില്‍ ഐശ്വര്യറായിയുടെ കുട്ടിക്കാലം സാറ അവതരിപ്പിക്കും. നെഗറ്റീവ് ഷെയ്ഡുള്ള ഒരു കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
വിക്രം, ജയംരവി, കാര്‍ത്തി, അഥര്‍വ, ഐശ്വര്യ റായി, നയന്‍താര, അനുഷ്‌ക ഷെട്ടി, കീര്‍ത്തി സുരേഷ്, റാഷി ഖന്ന, സത്യരാജ്, പാര്‍ത്ഥിപന്‍, ശരത്കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി തുടങ്ങി വിവിധ ഭാഷകളിലെ വന്‍ താരങ്ങളാണ് ചിത്രത്തില്‍ വേഷമിടുന്നത്.
നേരത്തെ പൊന്നിയിന്‍ സെല്‍വന്റെ 30-40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായതായി ജയറാം പറഞ്ഞിരുന്നു. ‘ഇതൊരു വലിയ പ്രൊജക്ടാണ്. മഹാഭാരതം പോലെ ഒരുപാട് കഥാപാത്രങ്ങളും യുദ്ധരംഗങ്ങളും ഉള്ള സിനിമയാണ്. ഇന്ത്യയില്‍ ഇറങ്ങിയതില്‍ വെച്ച് ഏറ്റവും വലിയ സിനിമയായിരിക്കും ഇത്. രണ്ട് ഭാഗങ്ങളിലായിട്ടായിരിക്കും ചിത്രം പുറത്തിറങ്ങുക’, എന്നാണ് ജയറാം പറഞ്ഞത്.
അതേസമയം ഇപ്പോഴത്തെ പ്രത്യേകസാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങളെ വെച്ചുള്ള ചിത്രീകരണം എങ്ങനെ പൂര്‍ത്തിയാക്കുമെന്നതില്‍ ആശങ്കയുണ്ടെന്നും ജയറാം പറഞ്ഞിരുന്നു. അശ്വര്‍കാഡിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.


































