ലണ്ടൻ: സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് ഹൻഹാമിലെ ഈസ്റ്റ് ബ്രിസ്റ്റോൾ ഓക്ഷൻസിലാണ് മഹാത്മാ ഗാന്ധി ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന കണ്ണട ലേലത്തിന് വച്ചിരിക്കുന്നത്. സ്വർണ്ണം പൂശിയ കണ്ണടയ്ക്ക് പത്തുമുതൽ-പതിനാല് ലക്ഷം വരെയാണ് ലേലത്തുക പ്രതീക്ഷിക്കുന്നത്. ഇതിൽ കൂടുതൽ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ലേലക്കമ്പനി ഉടമയായ ആന്‍ഡി സ്റ്റീവ് പറയുന്നത്.
തങ്ങളുടെ ലെറ്റർ ബോക്സിൽ ഒരു കവറില്‍ പൊതിഞ്ഞ് നിക്ഷേപിച്ച നിലയില്‍ കണ്ട കണ്ണടയ്ക്ക് ഇത്രയും വലിയൊരു ചരിത്രം ഉണ്ടെന്നറിഞ്ഞപ്പോൾ അതിശയിച്ചു പോയി എന്നാണ് സ്റ്റീവിന്‍റെ വാക്കുകൾ. ‘ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു കണ്ടെത്തലാണിത്.. ഇത് നൽകിയ ആൾ രസകരമായി വസ്തു എന്ന നിലയ്ക്കാണ് ഇതിവിടെ നിക്ഷേപിച്ചത്.. അതിന്‍റെ മൂല്യം അറിഞ്ഞിരുന്നില്ല.. ഗുണമില്ലാത്തതാണെങ്കിൽ വലിച്ചെറിയാനും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.. എന്നാൽ ഇതിന്‍റെ മൂല്യം അറിയിച്ചപ്പോൾ അദ്ദേഹം കസേരയിൽ വീണു പോയി. ഇത് ശരിക്കും മികച്ച ഒരു ലേല കഥ തന്നെയാണ്’ സ്റ്റീവ് പറയുന്നത്.
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു വയോധികനാണ് കണ്ണടയുടെ ഉടമസ്ഥൻ. സൗത്ത് ആഫ്രിക്കയിലെ ബ്രിട്ടീഷ് പെട്രോളിയം കമ്പനിയിൽ ജോലിക്കാരനായിരുന്ന അയാളുടെ അമ്മാവന് 1910-30 കാലഘട്ടത്തിൽ സമ്മാനമായി ലഭിച്ചതെന്നാണ് പറയുന്നത്.. സൗത്ത് ആഫ്രിക്കയിലെ താമസകാലത്ത് മഹാത്മാ ഗാന്ധി ഉപയോഗിച്ച് കണ്ണടകളിലൊന്നാകാം ഇതെന്നാണ് ലേലക്കമ്പനി ഉടമ പറയുന്നത്.









































