gnn24x7

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്

0
233
gnn24x7

പട്‌ന: മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസ് ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നെന്ന് റിപ്പോര്‍ട്ട്. ബീഹാര്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കുവേണ്ടി തന്ത്രങ്ങള്‍ മെനയാനാണ് ഫഡ്‌നാവിസ് എത്തുന്നത്. സംസ്ഥാനത്ത് സഖ്യകക്ഷികള്‍ക്കിടയില്‍ അസ്വസ്ഥതകള്‍ പുകയുന്നതിനിടയിലാണ് ബി.ജെ.പിയുടെ പുതിയ നീക്കം.

ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണത്തിലെ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മഹാരാഷ്ട്രയും ബീഹാറും തമ്മില്‍ വാക്‌പോരുകള്‍ തുടരുന്നതിനിടെയാണ് മഹാരാഷ്ട്രയില്‍നിന്നും ഫഡ്‌നാവിസെത്തുന്നത് എന്നത് രാഷ്ട്രീയ പ്രാധാന്യം വര്‍ധിപ്പിക്കുന്നതെന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയെ ഒരുക്കുന്നതിനായി ഫഡ്‌നാവിസ് സംസ്ഥാന നേതൃത്വത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നെന്നും ബി.ജെ.പി വൃത്തങ്ങള്‍ അറിയിച്ചു.

അദ്ദേഹം ഇതിനകം തന്നെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. അദ്ദേഹത്തിന്റെ ബീഹാറിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് പാര്‍ട്ടി ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം വരുംദിവസങ്ങളില്‍ നടത്തുമെന്നും വൃത്തങ്ങള്‍ പറഞ്ഞു.

ബി.ജെ.പി സഖ്യകക്ഷികളായ ചിരാഗ് പസ്വാന്റെ എല്‍.ജെ.പിയും നിതീഷ് കുമാറിന്റെ ജെ.ഡി.യുവും തമ്മിലുള്ള തര്‍ക്കങ്ങള്‍ക്കിടയിലേക്കാണ് ഫഡ്‌നാവിസിനെ ചുമതലപ്പെടുത്തിയിരിക്കുന്നത്. ജെ.ഡി.യുമായി ബന്ധപ്പെട്ട എതിര്‍പ്പുകള്‍ ചിരാഗ് പസ്വാന്‍ കഴിഞ്ഞ ദിവസം ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരുന്നു. ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയുമായും പസ്വാന്‍ കാര്യങ്ങള്‍ സംസാരിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലുള്ള ഫഡ്‌നാവിസിന്റെ നിയമനം പിണക്കങ്ങള്‍ പരിഹരിക്കാന്‍ ഉപകരിച്ചേക്കുമെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടല്‍.

എന്‍.ഡി.എ സഖ്യത്തിന്റെ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാറാണെന്ന പ്രഖ്യാപനം ബി.ജെ.പി നേരത്തെ നടത്തിയിരുന്നു. എല്‍.ജെ.പിക്കും ജെ.ഡി.യുവിനുമിടയില്‍ തര്‍ക്ക പരിഹാരത്തിനുള്ള പാലമാവാനാവും ബി.ജെ.പി ശ്രമിക്കുക.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബീഹാര്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചാല്‍ ഉടന്‍ തന്നെ ഫഡ്‌നാവിസ് ബീഹാര്‍ ചുമതലയേറ്റെടുക്കും. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ പ്രധാന നേതാക്കളെ ഉത്തരവാദിത്തം ഏല്‍പിക്കുന്ന രീതിയാണ് പൊതുവെ ബി.ജെ.പി പിന്തുടരാറുള്ളത്.

ബി.ജെ.പി ജനറല്‍ സെക്രട്ടറി ഭൂപേന്ദര്‍ യാദവിനെയായിരുന്നു ബീഹാറിന്റെ ചുമതലകള്‍ ഏല്‍പിച്ചിരുന്നത്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിന്റെ ചുമതലയും യാദവിനായിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here