ആലപ്പുഴ: ഇടതു മുന്നണി ഭരിക്കുന്ന നീലംപേരൂർ പഞ്ചായത്തിൽ വെള്ളപ്പൊക്ക ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യാൻ എത്തിച്ച ഭക്ഷ്യധാന്യങ്ങൾ തിരിമറി നടത്തിയെന്ന ആരോപണത്തിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ ഒരു വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും ബ്രാഞ്ച് സെക്രട്ടറിയുടെയും നേതൃത്വത്തിലാണ് തിരിമറി നടത്തിയെന്നാണ് ആരോപണം. നാട്ടുകാരുടെ പരാതിയിൽ കൈനടി പൊലീസും അന്വേഷണം തുടങ്ങി.
കാണാതായ ഭക്ഷ്യധാന്യങ്ങൾ നീലംപേരൂർ ബ്രാഞ്ച് സെക്രട്ടറി കെ.പി.സുകുമാരന്റെ വീട്ടിൽ കണ്ടെത്തിയതിനെത്തുടർന്ന് അദ്ദേഹത്തിനെതിരെ പാർട്ടി നടപടിയെടുത്തത്. നീലംപേരൂർ പഞ്ചായത്ത് മൂന്നാം വാർഡിലാണു സംഭവം. വീടുകളിൽ വെള്ളം കയറിയവർക്കുള്ള പൊതു ഭക്ഷണവിതരണ കേന്ദ്രത്തിലേക്ക് അതതു വാർഡിലെ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ് ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ച് എത്തിക്കുന്നത്.
മൂന്നാം വാർഡിൽ നിന്നുള്ള പഞ്ചായത്തംഗവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പ്രിനോ ഉതുപ്പാന്റെ നേതൃത്വത്തിലാണ്വില്ലേജ് ഓഫിസിൽ നിന്നും ഭക്ഷ്യധാന്യങ്ങൾ ശേഖരിച്ചത്. എന്നാൽ ഭക്ഷ്യധാന്യത്തിൽ കുറവ് കണ്ടതിനെത്തുടർന്നു നാട്ടുകാർ ചോദ്യം ചെയ്തു. ഇതോടെ പ്രിനോ ഉതുപ്പാൻ കുറ്റം സമ്മതിച്ചു. 3650 രൂപയുടെ ഭക്ഷ്യവസ്തുക്കൾ വിറ്റതായി സമ്മതിച്ച അദ്ദേഹം തുക നാട്ടുകാരുടെ സാന്നിധ്യത്തിൽ ഭക്ഷണവിതരണ കേന്ദ്രം കൺവീനർക്കു കൈമാറി.