gnn24x7

എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി അതിഥി തൊഴിലാളിയുടെ മകള്‍ പായല്‍ കുമാരി

0
198
gnn24x7

കൊച്ചി: എംജി സര്‍വകലാശാല ബിഎ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി ബീഹാര്‍ സ്വദേശി പായല്‍ കുമാരി. ബീഹാറില്‍ നിന്നും കേരളത്തിലെത്തിയ അതിഥി തൊഴിലാളിയായ പ്രമോദ് കുമാറിന്റെ മകളാണ് പായല്‍. പെരുമ്പാവൂര്‍ മാര്‍ത്തോമാ വനിതാ കോളേജില്‍ നിന്നുമാണ് പായല്‍ BA ആര്‍ക്കിയോളജി ആന്‍ഡ്‌ ഹിസ്റ്ററിയില്‍ പഠനം പൂര്‍ത്തിയാക്കിയത്. 

83% മാര്‍ക്കോടെ പത്താം ക്ലാസ് പാസായ പായല്‍ 95% മാര്‍ക്കോടെയാണ് പ്ലസ് ടു പാസായത്. കിട്ടുന്ന സമയമെല്ലാം പഠിക്കാനായി ഉപയോഗിക്കാനാണ് പായലിനിഷ്ടം. സിവില്‍ സര്‍വീസ് നേടുക എന്നതാണ് പായലിന്‍റെ സ്വപ്നം. പിജിയ്ക്ക് ചേരാന്‍ ജെഎന്‍യു അടക്കമുള്ള സര്‍വകലാശകളാണ് പായല്‍ തിരഞ്ഞെടുത്ത് വച്ചിരിക്കുന്നത്.

ബീഹാറിലെ ഷെയ്ഖ്പുര ജില്ലയില്‍ ഗോസെയ്മടി ഗ്രാമത്തില്‍ നിന്നാണ് പ്രമോദും കുടുംബവും കേരളത്തിലെത്തിയത്. അച്ഛന്‍, അമ്മ ബിന്ദു ദേവി, മൂത്ത സഹോദരന്‍ ആകാശ് കുമാര്‍, അനിയത്തി പല്ലവി കുമാരി എന്നിവടങ്ങിയതാണ് പായലിന്റെ കുടുംബം. കങ്ങരപ്പടിയിലെ വാടക വീട്ടിലാണ്‌ പായലും കുടുംബവും താമസിക്കുന്നത്. എറണാകുളം മാര്‍ക്കറ്റ് റോഡിലെ പെയിന്റ്  കടയിലെ ജോലിക്കാരനാണ് പ്രമോദ്.

എംജി സര്‍വകലാശാലയില്‍ നിന്നും ഒന്നാം റാങ്കോട് കൂടി പാസായ പായലിനെ അനുമോദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. ചാനലില്‍ നിന്നും അഭിമുഖങ്ങള്‍, കോളേജിലെ അനുമോദന യോഗം, സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും അഭിനന്ദനം എന്നിങ്ങനെ അനുമോദനങ്ങളുടെയും അഭിനന്ദനങ്ങളുടെയും നടുവിലാണ് പായലിപ്പോള്‍. പായലിനെ അനുമോദിച്ച് നടത്തിയ ചടങ്ങില്‍ എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ സാബു തോമസ്‌ ഓണ്‍ലൈനിലൂടെ പങ്കെടുത്തു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here