gnn24x7

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

0
197
gnn24x7

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനി ഗ്രൂപ്പിന് ലഭിച്ചതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പരസ്യമായി അദാനിയെ എതിര്‍ത്ത സര്‍ക്കാര്‍ തന്നെ രഹസ്യമായി അദാനിയെ സഹായിക്കുകയായിരുന്നുവെന്ന് ചെന്നിത്തല ആരോപിച്ചു.

‘അദാനിക്ക് താല്‍പര്യമുള്ള വിമാനത്താവളത്തിന് അദാനിയുമായി ബന്ധമുള്ള കമ്പനിയുടെ സഹായം തേടിയത് സംശയാസ്പദമാണ്. അദാനിയുടെ താല്‍പര്യം സംരക്ഷിക്കാനായി ഗുജറാത്ത് കേഡറിലുള്ള ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ കെ.എസ്.ഐ.ഡി.സിയുടെ എം.ഡിയാക്കി നിയമിച്ചു. കേരളം ഉറപ്പിച്ച ലേലത്തുക നേരത്തേ മനസ്സിലാക്കിയാണ് അദാനി ഉയര്‍ന്ന തുക ലേലത്തില്‍ വച്ചത്. അങ്ങനെയാണ് കേരളത്തിന് ഇത് നഷ്ടപ്പെട്ടത്’- ചെന്നിത്തല പറഞ്ഞു.

അദാനിയുടെ താല്‍പര്യം സംരക്ഷിച്ച് ജനങ്ങളെ വഞ്ചിക്കുന്ന മുഖ്യമന്ത്രിയെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്തുകൊണ്ട് സിയാലിനെ കണ്‍സള്‍ട്ടന്റാക്കിയില്ലെന്നും അദ്ദേഹം ചോദിച്ചു.

കെ.പി.എം.ജിയുടെ കണ്‍സള്‍ട്ടന്‍സിയായുള്ള വരവ് തന്നെ ദുരൂഹമാണെന്നും ചെന്നിത്തല ആരോപിച്ചു. പരസ്യമായി ഇരയോടൊപ്പമാണെന്ന് പറയുകയും വേട്ടക്കാരനോടൊപ്പം നിന്ന് രഹസ്യമായി വേട്ട നടത്തുകയും ചെയ്യുകയാണ് സര്‍ക്കാരെന്നും അദ്ദേഹം ആരോപിച്ചു. ഈ സര്‍ക്കാരിനോടൊപ്പം പ്രതിപക്ഷമുണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് നല്‍കാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനത്തിനെതിരെ നിയമപരമായി നേരിടുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. നല്‍കിയ ഉറപ്പില്‍ നിന്ന് പിന്‍മാറിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സര്‍ക്കാര്‍ തീരുമാനം.

തീരുമാനം തിരുത്താനുള്ള ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുമോ എന്ന് സംസ്ഥാന സര്‍ക്കാര്‍ നോക്കും. ഇല്ലെങ്കില്‍ നിയമവഴികള്‍ തേടും.

വിമാനത്താവള എംപ്ലോയീസ് യൂണിയന്‍ നല്‍കിയ കേസ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. നേരത്തെ ഹൈക്കോടതി കേസ് തള്ളിയെങ്കിലും സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ഹൈക്കോടതിയിലേക്ക് കേസ് വീണ്ടും എത്തിയത്.

കൊവിഡിനെ തുടര്‍ന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നത് നീണ്ട് പോകുന്നതിനിടെയാണ് അദാനിക്കനുകൂലമായ കേന്ദ്രതീരുമാനം വരുന്നത്.

ഈ കേസില്‍ തീരുമാനം വരും വരെ വിമാനത്താവള കൈമാറ്റം നീട്ടിവെയ്ക്കാന്‍ സര്‍ക്കാരിന് കഴിയും. സംസ്ഥാനത്തോട് ആലോചിക്കാതെ എടുത്ത തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിക്കാനാകുമോ എന്നും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

നേരത്തെ വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള കേന്ദ്രമന്ത്രിസഭ തീരുമാനം സംസ്ഥാനത്തിന് നല്‍കിയ ഉറപ്പുകളുടെ ലംഘനമാണെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചിരുന്നു. ഏകപക്ഷീയമായ എടുത്ത തീരുമാനത്തോട് സഹകരിക്കില്ലെന്ന് രൂക്ഷമായി തന്നെയാണ് പ്രധാനമന്ത്രിയെ മുഖ്യമന്ത്രിയെ അറിയിച്ചത്.

നിയമസഭ ചേരാനിരിക്കെ പ്രതിപക്ഷത്തിന്റെ സഹകരണം തേടാനും പ്രമേയം പാസാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എ.കെ ആന്റണി, കെ.പി.സിസി മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ വിമാനത്താവള സ്വകാര്യവത്കരണത്തിനെതിരെ രംഗത്തെത്തിയിരുന്നു.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here