അബുദാബി: ലോക്ക്ഡൗണിനെ തുടർന്നു റദ്ദാക്കപ്പെട്ട ആഭ്യന്തര, രാജ്യാന്തര വിമാന ടിക്കറ്റുകളുടെ മുഴുവൻ തുകയും ഉടമകൾക്കു തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ.
ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത്. വിമാന കമ്പനികളുമായി ചർച്ച ചെയ്തു പ്രശ്‌നം രമ്യമായി പരിഹരിക്കാൻ കേന്ദ്ര സർക്കാരിനോട് കോടതി നിർദേശിച്ചിരുന്നു.
ഇതനുസരിച്ച് 15 ദിവസത്തിനകം ടിക്കറ്റ് തുക നൽകാനും അല്ലാത്തപക്ഷം 2021 മാർച്ച് 31നകം യാത്ര ചെയ്യാൻ അവസരം ഒരുക്കാനുമാണ് നിർദേശം. എന്നാൽ മാർച്ച് 31നകം ടിക്കറ്റ് ഉപയോഗിക്കാത്തവർക്ക് 75% പലിശയോടെ തുക തിരിച്ചു നൽകണമെന്നും ആവശ്യപ്പെട്ടു.
തീരുമാനത്തെ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് ജോസ് എബ്രഹാം സ്വാഗതം ചെയ്തു. കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും