gnn24x7

ആണവോര്‍ജ നിര്‍മാണത്തിനായി സൗദി അറേബ്യക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ നിന്നും പിന്തുണ

0
244
gnn24x7

ആണവോര്‍ജ നിര്‍മാണത്തിനായി സൗദി അറേബ്യക്ക് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സിയില്‍ നിന്നും പിന്തുണ ലഭിച്ചു. സൗദിക്ക് ആവശ്യമായ പിന്തുണ നല്‍കുമെന്നാണ് അന്താരാഷ്ട്ര ആറ്റോമിക് എന്‍ര്‍ജി ഏജന്‍സി അറിയിച്ചിരിക്കുന്നത്.

‘ ആണവോര്‍ജത്തില്‍ സൗദി അറേബ്യ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന് ആവശ്യമായ പിന്തുണ നല്‍കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിച്ചു വരികയാണ്,’ ആറ്റോമിക് എന്‍ര്‍ജി ഏജന്‍സി ചീഫ് റഫേല്‍ ഗ്രോസി റോയിട്ടേര്‍സിനോട് പറഞ്ഞു.

ആണവോര്‍ജ മേഖലയില്‍ സ്വന്തം ഉല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിന് സൗദി ഊര്‍ജിതമായ ശ്രമങ്ങള്‍ തുടരുന്നുണ്ട്. ഇതിനായി അമേരിക്കയുടെ പിന്തുണയാണ് സൗദി പ്രാഥമികമായി പരിഗണിക്കുന്നത്. എന്നാല്‍ വളരെ ശ്രദ്ധാ പൂര്‍വമാണ് ഇതില്‍ അമേരിക്കയുടെ ഇടപെടല്‍. ആണവോര്‍ജത്തിന്റെ ആയുധവല്‍ക്കരണം തടയുന്നതിനായി അമേരിക്കന്‍ മേല്‍നോട്ടത്തിന് സമ്മതിച്ചാല്‍ മാത്രമേ സൗദിക്ക് ആണവോര്‍ജ വികസനത്തിന് പിന്തുണ നല്‍കു എന്നാണ് വാഷിംഗ്ടണിന്റെ നിലപാട്.

അതേ സമയം തന്നെ ആണവോര്‍ജ പദ്ധതികള്‍ക്കായി സൗദി ചൈനയുടെ സഹായം തേടിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ റിപ്പോര്‍ട്ട് പ്രകാരം റേഡിയോ ആക്ടീവ് അയിരില്‍ നിന്ന് യുറേനിയം യെല്ലോ കേക്ക് വേര്‍തിരിച്ചെടുക്കുന്നതിനുള്ള സൗകര്യം സൗദി ചൈനീസ് സഹായം ഉപയോഗിച്ചിരുന്നു. ന്യൂക്ലിയാര്‍ റിയാക്ടറിനുള്ള ഇന്ധനം നിര്‍മിക്കുന്നതിനുള്ള ആദ്യ ഘട്ടമായിരുന്നു അത്.

എന്നാല്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിന്റെ ഈ റിപ്പോര്‍ട്ടിനെ സൗദി നേരത്തെ തള്ളിക്കളഞ്ഞിരുന്നു. അതേ സമയം സൗദി ആണവോര്‍ജ മേഖലയിലേക്ക് കടക്കുന്നതില്‍ ഇസ്രഈല്‍ നേരത്തെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.

ഇസ്രഈല്‍ മാധ്യമമായ ടൈംസ് ഓഫ് ഇസ്രഈലില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം സൗദിയും ഇസ്രഈലും തമ്മിലുള്ള അനൗദ്യോഗിക, രഹസ്യ ബന്ധത്തെ ഈ നീക്കം ദോഷകരമായി ബാധിക്കുമെന്ന് ഇസ്രഈല്‍ സര്‍ക്കാര്‍ ആശങ്കപ്പെടുന്നുണ്ടെന്ന് പേരു വെളിപ്പെടുത്താത്ത ഒരു ഇസ്രഈല്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കിയിരുന്നു.

പരമ്പരാഗതമായി ഫോസില്‍ ഇന്ധനങ്ങളെ ആശ്രയിക്കുന്ന അറബ് രാജ്യങ്ങള്‍ എണ്ണ വിപണി തകരുന്ന സാഹചര്യത്തിലാണ് ആണവോര്‍ജ മേഖലയിലേക്ക് കടക്കുന്നത്. ഈ വര്‍ഷമാദ്യം അറബ് ലോകത്തെ ആദ്യ ന്യൂക്ലിയാര്‍ പവര്‍ പ്ലാന്റ് യു.എ.ഇയില്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു.

ആണവോര്‍ജത്തെ രാജ്യത്തെ വൈദ്യുതി ആവശ്യത്തിന്റെ നാലിലൊന്ന് നിറവേറ്റുന്ന തരത്തിലേക്ക് ഈ പദ്ധതികള്‍ വ്യാപിക്കാനാണ് യു.എ.ഇ ഉദ്ദേശിക്കുന്നത്.

എന്നിരുന്നാലും വളരെ നിര്‍ണായകമായ ഒരു മേഖലയില്‍ ആണവശേഷി വര്‍ധിപ്പിക്കുന്നത് ആണവായുധ മത്സരത്തിലേക്ക് നയിച്ചേക്കും എന്ന് നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. പ്രത്യേകിച്ചും ഇറാന്‍ ആണവായുധ പ്രവര്‍ത്തനങ്ങള്‍ അറബ് രാജ്യങ്ങളെ ആശങ്കപ്പെടുത്തുന്ന സാഹചര്യത്തില്‍.

gnn24x7

LEAVE A REPLY

Please enter your comment!
Please enter your name here